പിടിമുറുക്കി ഇ.ഡി; നാഷനൽ ഹെറാൾഡ് കേസിൽ രേവന്ത് റെഡ്ഡിക്കും ഡി.കെ. ശിവകുമാറിനും ചാർജ്ഷീറ്റ്
text_fieldsഹൈദരാബാദ്: നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരം സമർപ്പിച്ച ഏറ്റവും പുതിയ കുറ്റപത്രത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതിചേർത്തു. കുറ്റവാളികളെന്ന് മുദ്രകുത്തിയിട്ടില്ലെങ്കിലും ഇവരുടെ പേരുകൾ ഇ.ഡിയുടെ ചാർജ് ഷീറ്റിൽ ഉൾപ്പെട്ടതോടെ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ച് തെലങ്കാനയിൽ ബി.ആർ.എസ് കോൺഗ്രസ് സർക്കാറിനെതിരെ രൂക്ഷമായ ആരോപണമാണ് ഉന്നയിക്കുന്നത്.
നാഷനൽ ഹെറാൾഡ് കേസിലെ മുഖ്യകുറ്റാരോപിതരായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് വേണ്ടി സംഭാവനകൾ സ്വരൂപിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയതായാണ് ഇ.ഡിയുടെ കുറ്റപത്രത്തിലുള്ളത്.
തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കാലത്ത്, രേവന്ത് റെഡ്ഡി നിരവധി കോൺഗ്രസ് നേതാക്കളോടും ബിസിനസുകാരോടും യങ് ഇന്ത്യൻ ആൻഡ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എ.ജെ.എൽ) ഗണ്യമായ തുകകൾ സംഭാവന ചെയ്യാൻ നിർദേശിച്ചുവെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ രാഷ്ട്രീയ അല്ലെങ്കിൽ ബിസിനസ് താൽപര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇ.ഡി അവകാശപ്പെടുന്നു.
രേവന്ത് റെഡ്ഡിയുടെ സമ്മർദത്തിന് വഴങ്ങി യങ് ഇന്ത്യ ലിമിറ്റഡ് ബാങ്ക് ട്രാൻസ്ഫർ വഴി 30 ലക്ഷം രൂപയും പണമായി 20 ലക്ഷം രൂപയും സംഭാവന നൽകിയതായി അവകാശപ്പെട്ട കോൺഗ്രസ് നേതാവ് അരവിന്ദ് വിശ്വനാഥ് സിങ് ചൗഹാന്റെ പ്രസ്താവന ഉൾപ്പെടെയുള്ള പ്രത്യേക സംഭവങ്ങളും ഇ.ഡി ഉയർത്തിക്കാട്ടി.
2018–19 നും 2019–20 നും ഇടയിൽ യങ് ഇന്ത്യ ലിമിറ്റഡിന് യഥാക്രമം 6.90 കോടി രൂപയും 5.05 കോടി രൂപയും സംഭാവനയായി ലഭിച്ചതായും ഈ ഫണ്ടുകളുടെ ഒരു ഭാഗം ആദായനികുതി അപ്പീലിനുള്ള നിയമപരമായ ഫീസ് അടക്കുന്നതിനാണ് ഉപയോഗിച്ചതെന്നും അന്വേഷണ ഏജൻസി ആരോപിച്ചു.
രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരം ഒരു ഡസനിലധികം സ്ഥാപനങ്ങൾ പരസ്യങ്ങൾക്കായി എ.ജെ.എല്ലിന് 6.8 കോടി രൂപ നൽകിയതായും ആരോപണമുണ്ട്.
കർണാടകയിൽ നാഷനൽ ഹെറാൾഡിന് 25 ലക്ഷം രൂപ സംഭാവന നൽകിയതായി ഡി.കെ. ശിവകുമാർ സമ്മതിച്ചിട്ടുണ്ട്. സംഭാവന പരസ്യമായി നൽകിയതാണെന്നും താനും സഹോദരനും അവരുടെ ട്രസ്റ്റ് വഴി സംഭാവന നൽകിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
കർണാടകയിലെയും പഞ്ചാബിലെയും കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സമാനമായ സംഭാവന രീതികളെക്കുറിച്ചും ഇ.ഡിയുടെ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

