'ഏതെങ്കിലും ആർ.എസ്.എസുകാർ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ടോ..? അവരുടെ വീട്ടിൽ ഒരു നായ പോലും ചത്തിട്ടില്ല, അവർ ഇപ്പോൾ ദേശാഭിമാനത്തെക്കുറിച്ച് സംസാരിക്കുന്നു'
text_fieldsബക്സർ (ബിഹാർ): നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കുടുക്കി കോൺഗ്രസിനെ ഭയപ്പെടുത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തങ്ങൾക്ക് ആരെയും ഭയമില്ലെന്നും ആർക്കുമുന്നിലും തലകുനിക്കില്ലെന്നും അേദ്ദഹം പറഞ്ഞു. ബക്സറിലെ ദൽസാഗർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ (ഭരണഘടന)’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആർ.എസ്.എസിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ആരെങ്കിലും രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ ? ആർ.എസ്.എസ് ഒരു ബ്രിട്ടീഷ് ഏജന്റായിരുന്നു... ജിസ്കേ ഘർ മേ ഏക് കുത്താ ഭി നഹി മാറാ, തും ദേശ് കി സ്വാഭിമാൻ കി ബാത് കർത്തേ ഹോ (അവരുടെ വീട്ടിൽ ഒരു നായ പോലും ചത്തില്ല, അവർ ഇപ്പോൾ ദേശാഭിമാനത്തെക്കുറിച്ച് സംസാരിക്കുന്നു)," അദ്ദേഹം പറഞ്ഞു.
നമ്മുടെ നേതാക്കൾ ഭയപ്പെടുന്നവരല്ല. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇൗ രാജ്യത്തിനായി ജീവൻ ബലികഴിച്ചവരാണ്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനും അവബോധം നൽകാനുമാണ് ജവഹർലാൽ നെഹ്റു ‘നാഷനൽ ഹെറാൾഡ്’, ‘ക്വാമി ആവാസ്’ എന്നീ പത്രങ്ങൾ ആരംഭിച്ചത്.
അക്കാലത്ത് ആർ.എസ്.എസ് നേതാക്കൾ ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യുകയായിരുന്നു. ഇന്ന് സോണിയയെയും രാഹുലിനെയും ലക്ഷ്യമിടുന്നത് അവർ പാർട്ടിയുടെ നട്ടെല്ലായതുകൊണ്ടാണ്. സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും പാവങ്ങൾക്കും സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരാണ്. അവർക്ക് സമൂഹത്തിന്റെ ഉന്നതിയെപ്പറ്റി ചിന്തയില്ല.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലാണ് അവർ വിശ്വസിക്കുന്നത്. വഖഫ് ഭേദഗതി നിയമം സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർ.എസ്.എസ് -ബി.ജെപി ഗൂഢാലോചനയുടെ ഭാഗമാണ്. മോദിയും ബി.ജെ.പി നേതാക്കളും ഹിന്ദു-മുസ്ലിം എന്നുമാത്രമേ സംസാരിക്കുന്നുള്ളൂ. പ്രധാന വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണിത്. ഗാന്ധിജിയുടെ ആദർശങ്ങളും അംബേദ്കറിന്റെ തത്ത്വങ്ങളുമാണ് നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ. ഇവയിൽനിന്നാണ് നമ്മൾ ശക്തിസംഭരിക്കുന്നത്. ഈ ശക്തി ഉപയോഗിച്ച് അനീതിക്കെതിരെ പോരാടുമെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുമെന്നും ഖാർഗെ പറഞ്ഞു.
ബി.ജെ.പി-ജെ.ഡി.യു സഖ്യം അവസരവാദ കൂട്ടുകെട്ടാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കസേരക്കുവേണ്ടി ഒാടിനടക്കുന്നയാളാണ്. സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് ഇവർക്ക് ചിന്തയില്ല. ബിഹാറിന് മോദി വാഗ്ദാനം ചെയ്ത 1.25 ലക്ഷം കോടി രൂപയുടെ പാക്കേജും സംസ്ഥാനത്തിന്റെ പ്രത്യേക പദവിയും എവിടെയെന്ന് അദ്ദേഹം ചോദിച്ചു. മോദി നുണകളുടെ ഫാക്ടറിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാ ഗഡ് ബന്ധൻ സഖ്യം എൻ.ഡി.എ സർക്കാറിനെ തൂത്തെറിയുമെന്നും ഖാർഗെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.