നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഒന്നാംപ്രതി, രാഹുൽ രണ്ടാംപ്രതി; കുറ്റപത്രം സമർപ്പിച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ ‘നാഷനൽ ഹെറാൾഡു’മായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തിയെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോൺഗ്രസിന്റെ സമുന്നത നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ചു.
ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ തുടങ്ങിയവരുമുണ്ട്. കേസ് ഈ മാസം 25ന് കോടതി കേൾക്കും. നാഷനൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തു. ഡൽഹി ഐ.ടി.ഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ സ്ഥലം, ലഖ്നോവിലെ ബിഷേശ്വർ നാഥ് റോഡിലുള്ള എ.ജെ.എൽ കെട്ടിടം എന്നിവയാണ് അനധികൃത പണമിടപാട് തടയൽ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരം കണ്ടുകെട്ടിയത്.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയെ തുടർന്ന് 2021-ൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം. നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തുച്ഛവിലയ്ക്ക് കോൺഗ്രസിന്റെ തന്നെ ‘യങ് ഇന്ത്യൻ ലിമിറ്റഡി’ന്റെ പേരിലേക്ക് മാറ്റിയെന്നായിരുന്നു സ്വാമിയുടെ പരാതി.
ആരോപണം അന്വേഷിപ്പിക്കാൻ സ്വാമി ഹൈകോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും അനുകൂല വിധി നേടിയെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കളിൽ 988 കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നുവെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
യങ് ഇന്ത്യ ലിമിറ്റഡിന്റെയും എ.ജെ.എൽ യുടെയും ശൃംഖല ഉപയോഗിച്ച് നേടിയ 18 കോടിയുടെ സംഭാവനയിലും, 38 കോടിയുടെ അഡ്വാൻസ് വാടകയിലും 29 കോടിയുടെ പരസ്യങ്ങളിലും അനധികൃത പണമിടപാട് നടന്നതായും ഇ.ഡി ആരോപിച്ചു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കൈവശം യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 38 ശതമാനം ഓഹരികളുള്ളതുകൊണ്ടാണ് ഇരുവരെയും പ്രതികളാക്കിയത്.
പ്രതികാര രാഷ്ട്രീയമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാഷ്ട്രീയ പ്രതികാരവും പേടിപ്പിക്കലുമല്ലാതെ മറ്റൊന്നുമല്ലെന്ന് കോൺഗ്രസ്. ഇതുകൊണ്ടൊന്നും പാർട്ടിയെ നിശ്ശബ്ദമാക്കാനാവില്ല. നിയമവാഴ്ച അട്ടിമറിച്ച് ഭരണകൂട സ്പോൺസർഷിപ്പിലുള്ള കുറ്റകൃത്യമാണ് നാഷനൽ ഹെറാൾഡിന്റെ സ്വത്തു കണ്ടുകെട്ടലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.. കോൺഗ്രസിനെയും നേതാക്കളെയും നിശ്ശബ്ദരാക്കാനാവില്ലെന്നും സത്യമേ ജയിക്കൂ എന്നുംഅദ്ദേഹം ‘എക്സി’ൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.