കൃഷിനാശം, മലിനീകരണം; കർഷകർക്ക് 1.67 കോടി നഷ്ടപരിഹാരം നൽകാൻ ഫാക്ടറിയോട് ഉത്തരവിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ
text_fieldsമുംബൈ: പരിസ്ഥിതി മലിനീകരണത്തിനും വിളനാശത്തിനും മുംബൈയിലെ പഞ്ചസാര മില്ലിന് 1.67 കോടിയുടെ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിനാണ് പിഴതുക അടയ്ക്കേണ്ടത്.
പരിസ്ഥിതി മലിനീകരണത്തിനുള്ള പിഴയ്ക്ക് പുറമേ മലിനീകരണം മൂലം കൃഷിനാശം നേരിട്ട 31 കർഷകർക്ക് 54 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാശം സംഭവിച്ച വിളകളുടെ മൂല്യവും ശരാശരി വിപണി മൂല്യവും കണക്കാക്കി കളക്ടർക്കാണ് പിഴ തുക പിരിച്ചെടുക്കുന്നതിനുള്ള ഉത്തരവാദിത്തം.
പഞ്ചസാര ഫാക്ടറിയിൽ നിന്നുള്ള മാലിന്യം സമീപ പ്രദേശത്തെ കൃഷിയിടങ്ങൾക്ക് വൻ നാശനഷ്ടമുണ്ടാക്കിയെന്നാരോപിച്ച് കർഷകനായ കപിൽ ബലിറാം ബൊംനേലിന്റെ നേതൃത്വത്തിൽ മുപ്പത് കർഷകർ നൽകിയ പരാതിയിൻമേലാണ് ട്രിബ്യൂണലിൻറെ നടപടി. ഫാക്ടറിയിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കൊഴുക്കിയ മാലിന്യം വിളകളെ ബാധിക്കുകയും മണ്ണിന്റെ ഗുണനിലവാരം ഇല്ലാതാക്കുകയും, ജലസ്രോതസ്സുകൾ മലിനമാക്കുകയും പ്രദേശത്തെ ജനങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തുവെന്നായിരുന്നു കർഷകരുടെ പരാതി.
ട്രിബ്യൂണൽ തന്നെ നിയമിച്ച ജോയിന്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ മലിനജലം കാവേരി നദിയിലേക്കൊഴുക്കിയെന്നും, അനുവദനീയമായതിലുമധികം മലിനവായു പുറന്തള്ളിയെന്നും, അനധികൃതമായ പൈപ്പു ലൈനുകൾ സ്ഥാപിച്ചുവെന്നും തുടങ്ങി ഗുരുതരമായ കണ്ടത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. ഫാക്ടറിയുടെ സമീപപ്രദേശത്തുള്ള ജല സ്രോതസ്സുകളിൽ ഉയർന്ന അളവിൽ ബയോ ഓക്സിജൻ ഡിമാൻഡും, കെമിക്കൽ ഓക്സിജൻ ഡിമാൻഡും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

