
'21ാം നൂറ്റാണ്ടിലെ മനുസ്മൃതിയാണ് ദേശീയ വിദ്യാഭ്യാസ നയം
text_fieldsന്യൂഡൽഹി: അസ്വാതന്ത്ര്യങ്ങളുടെ കലവറയായ പുരാണ ഗ്രന്ഥമായ മനുസ്മൃതി 21ാം നൂറ്റാണ്ടിലും ആവർത്തിക്കാനാണ് കേന്ദ്ര സർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020ലൂടെ ശ്രമിക്കുന്നതെന്ന് ജെ.എൻ.യു പ്രഫസർ സച്ചിദാനന്ദ സിൻഹ പറഞ്ഞു. വിനാശകരമായ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി മേയ് ഒമ്പതിന് സംഘടിപ്പിച്ച പാർലമെന്‍റ് ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാനത്തെ നിഷേധിക്കുന്ന പദ്ധതിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020. കൊഴിഞ്ഞുപോക്ക് ഇല്ലായെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ, ബഹുഭൂരിപക്ഷവും വിദ്യാഭ്യാസ മേഖലയിൽനിന്നും പുറന്തള്ളപ്പെടും. പുതിയ ദേശീയ പരിഷ്കാരങ്ങളിലൂടെ. ജനാധിപത്യ -മതേതര -ശാസ്ത്രീയ വിദ്യാഭ്യാസത്തിന്‍റെ സമ്പൂർണ നിഷേധമാണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യംവെക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് ഒരു മൗലികതയും അവകാശപ്പെടാനില്ല. ഇത് അമേരിക്കൻ മാതൃകയുടെ പകർപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫ. തനിക സർക്കാർ, പ്രഫ. ജോർജ് ജോസഫ്, പ്രഫ. അനീഷ് റേ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേർ ജന്തർമന്തറിൽ നടന്ന പ്രതിഷേധ ധർണയിൽ പങ്കെടുത്തു.