മതപരിവർത്തന നിരോധന നിയമം: നോട്ടീസയച്ച് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമം ചോദ്യംചെയ്ത് നാഷനൽ കൗൺസിൽ ചർച്ചസ് ഇൻ ഇന്ത്യ (എൻ.സി.സി.ഐ) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിെന്റയും 12 സംസ്ഥാനങ്ങളുടെയും വിശദീകരണംതേടി. നാലാഴ്ചക്കകം മറുപടി നൽകണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തുടർന്ന്, നേരത്തെയുള്ള ഹരജികൾക്കൊപ്പം പുതിയ ഹരജിയും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
സമാന ഹരജികൾ കോടതിയുടെ പരിഗണനയിലുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. തങ്ങളുടെ മറുപടി തയാറാണെന്നും ഉടൻ ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന് എൻ.സി.സി.ഐ ഹരജിയിൽ ആവശ്യപ്പെട്ടു. ഒഡിഷയും രാജസ്ഥാനും മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് നേരത്തെയുള്ള ഹരജികളിൽ ഇല്ലെന്നും സംഘടനക്കുവേണ്ടി ഹാജരായ മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളിൽ ഭേദഗതികൾ വന്നിട്ടുണ്ടെന്നും അവയും കോടതികളിൽ ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.
കേന്ദ്രത്തിന് പുറമേ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡിഷ, ഛത്തിസ്ഗഢ്, അരുണാചൽപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കർണാടക, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. മറുപടി ലഭിച്ചശേഷം നിയമങ്ങൾ സ്റ്റേ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

