മുർഷിദാബാദ് സംഘർഷം; കലാപബാധിതരെ സന്ദർശിച്ച് ദേശീയ വനിത കമീഷനും ഗവർണറും
text_fieldsമുർഷിദാബാദിൽ സംഘർഷത്തിനിരയായവരിൽനിന്ന് പരാതി കേൾക്കുന്ന പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്
കൊൽക്കത്ത: വഖഫ് പ്രക്ഷോഭത്തിന് പിന്നാലെ വർഗീയ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ പ്രദേശങ്ങൾ ഗവർണർ സി.വി. ആനന്ദബോസും ദേശീയ വനിതകമീഷൻ അധ്യക്ഷ വിജയ രഹത്കറിന്റെ നേതൃത്വത്തിലുള്ള സംഘവും സന്ദർശിച്ചു.
ബെറ്റ്ബോണ, ധുലിയൻ പ്രദേശങ്ങൾ സന്ദർശിച്ച വനിതകമീഷൻ പ്രതിനിധി സംഘം സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇരകൾക്ക് ഉറപ്പു നൽകി. അതിർത്തി സുരക്ഷ സേനയുടെ (ബി.എസ്.എഫ്) സ്ഥിരംക്യാമ്പ് പ്രദേശത്ത് സ്ഥാപിക്കണമെന്നും സംഘർഷത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നും അക്രമത്തിന് ഇരയായവർ ആവശ്യപ്പെട്ടു.
സമാനതകളില്ലാത്ത അക്രമങ്ങളാണ് സ്ത്രീകൾക്ക് നേരെ നടന്നതെന്ന് അധ്യക്ഷപറഞ്ഞു. വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ധരിപ്പിക്കുമെന്നും ബി.എസ്.എഫ് ക്യാമ്പ് വേണമെന്ന നാട്ടുകാരുടെ ആവശ്യം മന്ത്രിയെ അറിയിക്കുമെന്നും കമീഷൻ അംഗം അർചന മജുംദാർ പറഞ്ഞു. ബി.ജെ.പി എം.എൽ.എ ശ്രീരൂപ മിത്ര ചൗധരിയും സംഘത്തെ അനുഗമിച്ചു.
മാൾഡ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദർശിച്ചു. മുർഷിദാബാദിലെ ഷംഷേർഗഞ്ച്, സുതി, ധുലിയൻ, ജംഗിപുർ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളിൽ കമീഷൻ നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. കലാപത്തിൽ െകാല്ലപ്പെട്ട പിതാവിന്റെയും മകന്റെയും ബന്ധുക്കളെ ഗവർണർ സി.വി. ആനന്ദബോസ് സന്ദർശിച്ചു.
ഷംഷേർഗഞ്ചിലെ ജാഫ്രാബാദിൽ സംഘർഷത്തിൽ ഹരോഗോബിന്ദോ ദാസ് മകൻ ചന്ദൻ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എല്ലാ സഹായവും ഗവർണർ ഉറപ്പുനൽകി. നേരത്തേ സന്ദർശനം നീട്ടിവെക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

