‘നാസ’ തുണച്ചു; ട്രെയിൻ കൊള്ളക്കാർ വലയിൽ
text_fieldsചെന്നൈ: സേലം-ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനിെൻറ ബോഗിക്ക് മുകളിൽ ദ്വാരമുണ്ടാക്കി 5.78 കോടി രൂപ കൊള്ളയടിക്കപ്പെട്ട കേസിൽ രണ്ടു വർഷത്തിനുശേഷം പ്രതികളെക്കുറിച്ച് സൂചന.
അമേരിക്കയിലെ നാസ ബഹിരാകാശ കേന്ദ്രം അയച്ച ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നൂറിലധികം മൊൈബൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ 11 പേരാണ് പൊലീസിെൻറ നിരീക്ഷണ വലയത്തിലുള്ളത്. ചില പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഉന്നത റെയിൽവേ, ബാങ്ക് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. 2016 ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യൻ ഒാവർസീസ് ബാങ്ക് വിവിധ ശാഖകളിൽനിന്ന് ശേഖരിച്ച 342 കോടി രൂപയുടെ പഴയ നോട്ടുകളും നാണയങ്ങളും 226 പെട്ടികളിൽ മൂന്നു കോച്ചുകളിലായി ചെന്നൈ റിസർവ് ബാങ്ക് ഒാഫിസിലേക്ക് കൊണ്ടുപോകവെയാണ് മോഷണം.
ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ മുദ്രവെച്ച ബോഗികൾ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ തുറന്നു പരിശോധിച്ചേപ്പാഴാണ് മധ്യഭാഗത്തെ കോച്ചിെൻറ മേൽഭാഗത്ത് ഒരാൾക്ക് ഇറങ്ങാവുന്ന വിധം രണ്ട് ചതുരശ്ര അടി സമചതുരത്തിൽ തകിട് അറുത്തുമാറ്റിയത് ശ്രദ്ധയിൽപെട്ടത്. കോച്ചിലെ ഒരു പെട്ടിയിലെ പണം പൂർണമായും മറ്റൊന്നിലെ പകുതി പണവുമടക്കം മൊത്തം 5.78 കോടി രൂപയാണ് നഷ്ടപ്പെട്ടത്.
സേലത്തുനിന്ന് പുറപ്പെട്ട ട്രെയിൻ 10 സ്റ്റേഷനുകളിൽ നിർത്തിയിരുന്നു. ബാങ്ക് ജീവനക്കാർ, റെയിൽവേ ജീവനക്കാർ, ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ നുറുക്കണക്കിനുപേരെ പൊലീസ് ചോദ്യം ചെയ്തിരുെന്നങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. കോച്ചുകളിൽ പണം കൊണ്ടുപോകുന്നത് സംബന്ധിച്ച് മോഷ്ടാക്കൾക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. സേലം മുതൽ ചെന്നൈ വരെയുള്ള 350 കിലോമീറ്റർ ദൂരത്തെ ഉപഗ്രഹചിത്രങ്ങളാണ് നാസ തമിഴ്നാട് പൊലീസിന് കൈമാറിയത്. അന്വേഷണ സംഘം കേന്ദ്ര സർക്കാർ മുഖേനയാണ് നാസയുടെ സഹായം തേടിയത്.