കല്ലേറ്, ദേശീയപാത ഉപരോധം; ബി.ജെ.പി നേതാവിന് തെരഞ്ഞെടുപ്പിൽ ടിക്കറ്റില്ലാത്തതിൽ തെരുവ് കലാപം
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ദാടിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് നരോത്തം മിശ്രക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരക്കേറിയ ദേശീയപാത ഏകദേശം 12 മണിക്കൂർ ഉപരോധിച്ച പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു. മിശ്രക്ക് പകരം അശുതോഷ് തിവാരി എന്നയാൾക്കാണ് പാർട്ടി സ്ഥാനാർഥിത്വം നൽകിയത്. തുടർന്നാണ് മുൻ മന്ത്രിയുടെ അനുയായികൾ നടത്തിയ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
3,000ത്തിലധികം പ്രതിഷേധക്കാരാണ് റോഡ് ഉപരോധത്തിൽ പങ്കെടുത്തത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. സംഭവത്തിൽ ദാടിയ ജില്ലാ പോലീസ് സൂപ്രണ്ട് മയൂർ ഖണ്ഡേൽവാൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറിലധികം പൊലീസുകാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
2023ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ദാടിയ മണ്ഡലത്തിൽ മത്സരിച്ച നരോത്തം മിശ്ര കോൺഗ്രസ് സ്ഥാനാർഥിയായ രാജേന്ദ്ര ഭാരതിയോട് 7,500ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. അന്ന് മിശ്ര സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നു. എന്നാൽ, ഈ വർഷം ഏപ്രിലിൽ ഡൽഹിയിലെ ഒരു കോടതി വഞ്ചനക്കേസിൽ രാജേന്ദ്ര ഭാരതിക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്ന് എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും ഒഴിവുവന്ന സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയായി താനായിരിക്കുമെന്ന് നരോത്തം മിശ്ര പ്രതീക്ഷിച്ചിരുന്നതായും, നാമനിർദേശ പത്രിക പോലും വാങ്ങിയിരുന്നുവെന്നുമാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ പാർട്ടി അശുതോഷ് തിവാരിയെ സ്ഥാനാർഥിയാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധക്കാർ ദേശീയപാത ഉപരോധിക്കുകയും മാർക്കറ്റുകൾ അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മിശ്രക്ക് ടിക്കറ്റ് നൽകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും ആവശ്യമെങ്കിൽ ബി.ജെ.പി വിടാനും തയ്യാറാണെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു.
ദാടിയ ജില്ലാ കലക്ടർ സ്വപ്നിൽ വാൻഖഡെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി പലതവണ ചർച്ച നടത്തിയെങ്കിലും പിന്മാറാൻ തയ്യാറായില്ല. തുടർന്ന് പൊലീസിന് നേരെ കല്ലേറ് ഉണ്ടായതോടെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ദാടിയ ഉൾപ്പെടെ രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് രണ്ട് മണ്ഡലങ്ങൾ ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. ദാടിയയിൽ ജൂലൈ 30നാണ് വോട്ടെടുപ്പ് നടക്കുക. ആഗസ്റ്റ് 3ന് വോട്ടെണ്ണൽ നടക്കും. ബിജെപി സ്ഥാനാർഥിയായി അശുതോഷ് തിവാരിയെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

