ഉലകം ചുറ്റാൻ ‘നാരീസംഘം’; ഇന്ത്യൻ സായുധസേന വനിതകൾ പുറപ്പെട്ടു
text_fieldsമുംബൈ: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ ആർമി സെയിലിങ് വെസ്സൽ (ഐഎഎസ്‌വി) ‘ത്രിവേണി’എന്നാൽ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു കപ്പൽ അല്ല, മറിച്ച് ഇന്ത്യൻ സ്ത്രീശക്തിയുടെ സ്വപ്നസാക്ഷാത്കാരങ്ങളുടെ നേട്ടമാണ്. ഇന്ത്യൻ സായുധസേനയുടെ ഇത്തരത്തിലുള്ള ആദ്യയാത്രയിൽ, കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് വിഭാഗങ്ങളിലെയും പത്ത് വനിതാ ഓഫിസർമാർ സെപ്റ്റംബർ 11 ന് മുംബൈയിലെ ഇന്ത്യ ഗേറ്റിൽനിന്ന് ‘ഐഎഎസ്‌വി ത്രിവേണി' എന്ന തദ്ദേശീയ കപ്പലിൽ ലോകപര്യടനമാരംഭിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 26,000 നോട്ടിക്കൽ മൈൽ ഭൂമധ്യരേഖയെ രണ്ടുതവണ കടന്ന് മൂന്ന് മുനമ്പുകളെയും - കേപ് ല്യൂവിൻ, കേപ് ഹോൺ, കേപ് ഓഫ് ഗുഡ് ഹോപ് എന്നിവയെ ചുറ്റി സഞ്ചരിക്കും. പ്രകൃതിയുടെ ഏറ്റവും കഠിനമായ വെല്ലുവിളികൾക്കെതിരെ മനുഷ്യന്റെ പ്രതിരോധശേഷി പരീക്ഷിക്കുന്ന, തെക്കൻ സമുദ്രം, ഡ്രേക്ക് ഇടനാഴി ഉൾപ്പെടെ എല്ലാ പ്രധാന സമുദ്രങ്ങളെയും ഏറ്റവും അപകടകരമായ ചില ജലാശയങ്ങളെയും താണ്ടിയാണ് പെൺയാത്ര. ഒമ്പത് മാസത്തിനുള്ളിൽ പര്യടനം പൂർത്തിയാകും. 2026 മേയിൽ മുംബൈയിലേക്ക് മടങ്ങുന്നതിന് മുമ്പ് സംഘം നാല് വിദേശ തുറമുഖങ്ങൾ സന്ദർശിക്കുമെന്നും പ്രതിരോധസേന വക്താവ് പറഞ്ഞു.
മൂന്ന് സേനകളുടെയും പരസ്പരബന്ധത്തിൽ നാമകരണം ചെയ്യപ്പെട്ട ഈ യാനത്തിൽ അഞ്ച് ആർമി ഓഫിസർമാരും ഒരു നാവിക ഉദ്യോഗസ്ഥയും നാല് വ്യോമസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇന്ത്യൻ സായുധ സേന സംയുക്തമായി ഒരു പര്യടന ദൗത്യത്തിന് നേതൃത്വം നൽകുന്നത് ഇതാദ്യമാണ്, ഇത് ഇന്ത്യയുടെ സമുദ്രയാത്രയിലെ ഒരു നാഴികക്കല്ലായി മാറുമെന്നും ഭാരതത്തിലെ സ്ത്രീശക്തിയുടെ തിളക്കമാർന്ന ഉദാഹരണമായി മാറുകയും ചെയ്യും.
സെയിലിങ്, നാവിഗേഷൻ, ആശയവിനിമയം, സ്കൂബ ഡൈവിങ്, വൈദ്യസഹായം, മറ്റ് കഴിവുകൾ സ്വായത്തമാക്കിയിട്ടുണ്ടെന്ന് പര്യടനത്തിന്റെ ഭാഗമായ സ്ക്വാഡ്രൺ ലീഡർ വൈശാലി ഭണ്ഡാരി പറഞ്ഞു. ഈ പരിശീലനത്തിനായി മുംബൈയിൽനിന്ന് പലസ്ഥലങ്ങളിലേക്കായി 4000 നോട്ടിക്കൽ മൈൽ കടൽ വഴി സഞ്ചരിച്ചു, അവർ ഓർമിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രത്യേക നടപടികളെക്കുറിച്ചും കടൽ യാത്രയിൽ വേഗത്തിൽ എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ചും ടീം ലീഡർമാർക്ക് പരിശീലനവും പ്രദർശനങ്ങളും നൽകിയതായി ഭണ്ഡാരി പറഞ്ഞു.
ഏത് വെല്ലുവിളിയെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം ഞങ്ങൾക്കുണ്ട് ഈ ദൗത്യത്തിന്റെ തലവനായ ലെഫ്റ്റനന്റ് കേണൽ അനുജ വരുദ്കർ അറിയിച്ചു. ഓസ്‌ട്രേലിയയിലെ ഫ്രീമാന്റിൽ, ന്യൂസിലൻഡിലെ ലിറ്റിൽട്ടൺ, അർജന്റീനിയൻ ദ്വീപസമൂഹത്തിലെ ബ്യൂണസ് അയേഴ്സ്, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ എന്നീ വിദേശ തുറമുഖങ്ങളാണ് സംഘം സന്ദർശിക്കുന്നത്.
കടലിൽ ഒരു ബോട്ടിൽ യാത്ര ചെയ്യുമ്പോൾ അത്തരമൊരു ദൗത്യത്തിന്റെ ഭാഗമാകുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്, ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഇതിനെ പ്രോത്സാഹിപ്പിക്കുന്നു, വരുദ്കർ കൂട്ടിച്ചേർത്തു. 24 മണിക്കൂറും സഞ്ചരിക്കുമ്പോൾ, നാലു മണിക്കൂർ ഡ്യൂട്ടി, ആറു മണിക്കൂർ വിശ്രമം എന്നതാണ് ഷെഡ്യൂൾ. എന്നിരുന്നാലും, കടലിൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ നേരിടാൻ ടീം ത്രിവേണി 24 മണിക്കൂറും തയാറാണെന്ന് ലെഫ്റ്റനന്റ് കേണൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലീഡർ - ലെഫ്റ്റനന്റ് കേണൽ അനുജ വരുദ്കർ,ഡെപ്യൂട്ടി ലീഡർ - സ്ക്വാഡ്രൺ ലീഡർ ശ്രദ്ധ പി. രാജു, മേജർ കരംജിത് കൗർ, മേജർ ഒമിത ദാൽവി, മേജർ ദൗലി ബുട്ടോള, ക്യാപ്റ്റൻ പ്രജക്ത നികം, ലെഫ്റ്റനന്റ് കമാൻഡർ പ്രിയങ്ക ഗുസൈൻ, വിങ് കമാൻഡർ വിഭ സിങ്, സ്ക്വാഡ്രൺ ലീഡർ ആരുവി ജയദേവ്, സ്ക്വാഡ്രൺ ലീഡർ വൈശാലി ഭണ്ഡാരി എന്നിവർ ടീം അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

