ന്യൂഡൽഹി: കോവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ഓൺലൈനായിട്ടാകും അവലോകന യോഗം. കോവിഡ് കേസുകളുടെ പ്രതിദിന വർധനവിനുള്ള കാരണങ്ങളും സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നത കേന്ദ്ര സംഘത്തെ അയക്കാൻ തീരുമാനിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രിയുടെ അവലോകന യോഗം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 10.30ന് തുടങ്ങുന്ന യോഗത്തിെൻറ ആദ്യ സെഷനിൽ രോഗബാധ രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും. ശേഷം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കോവിഡ് വാക്സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ചർച്ച നടത്തും.
തിങ്കളാഴ്ച രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91.3 ലക്ഷമായി ഉയർന്നിരുന്നു. ഡൽഹി, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇപ്പോൾ പ്രതിദിനം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.