ഒരു കുടുംബത്തെ മഹത്വവത്കരിക്കാൻ സമുന്നത നേതാക്കളുടെ സംഭാവനകളെ നിസ്സാരവത്കരിച്ചു -മോദി
text_fieldsരാജ്ഘട്ട് (മധ്യപ്രദേശ്): ഒരു കുടുംബത്തെ മഹത്വവത്കരിക്കാനായി രാഷ്ട്ര നിർമാണത്തിൽ വലിയ പങ്കുവഹിച്ച സമുന്നത നേതാക്കളുടെ സംഭാവനകളെ കുറച്ചുകാണിക്കാൻ ബോധപൂർവ ശ്രമം നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ രാജ്ഘട്ടിൽ മോഹനപുര ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ ജനസംഘ് സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയെ വാനോളം പുകഴ്ത്തിയ മോദി കോൺഗ്രസിനെ കടന്നാക്രമിച്ചു. നുണകളും ആശയക്കുഴപ്പവും അശുഭചിന്തയും പ്രചരിപ്പിക്കുകയാണ് അവരെന്ന് കോൺഗ്രസിനെ മോദി കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവുമധികം കാലംഭരിച്ച പാർട്ടി ജനങ്ങളിലും അവരുടെ കഠിനാധ്വാനത്തിലും വിശ്വസിച്ചില്ല. കോൺഗ്രസ് ഭരിക്കുമ്പോൾ മധ്യപ്രദേശിനെ ‘ഭീമാരു’ സംസ്ഥാനം എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, ബി.ജെ.പി സർക്കാർ ആ പേരുദോഷം മാറ്റി. സംസ്ഥാനത്തെ ജനങ്ങൾക്ക് ആ വിളി അപമാനകരമാണെന്ന് കോൺഗ്രസിന് ഒരിക്കലും തോന്നിയില്ലെന്നും മോദി പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തെ ഭരണത്തിനിടെ ഞങ്ങൾ ഒരിക്കലും നിരാശയെക്കുറിച്ചും ഭയത്തെക്കുറിച്ചും സംസാരിച്ചില്ല. ആത്മവിശ്വാസത്തോടെ മുന്നേറുന്നവരാണ് ഞങ്ങൾ. ജനങ്ങൾ ബി.ജെ.പിയിലും സർക്കാറിലും വിശ്വസിച്ചു. അവരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. നുണകളും അശുഭചിന്തയും പ്രചരിപ്പിക്കുന്നവർ യാഥാർഥ്യങ്ങളിൽനിന്ന് അകലെയാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യവസായ മന്ത്രിയെന്ന നിലയിൽ ശ്യാമപ്രസാദ് മുഖർജിയാണ് രാജ്യത്തെ ആദ്യ വ്യവസായ നയം രൂപപ്പെടുത്തിയത്. അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകൾ ഇന്നും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. സ്റ്റാർട്ടപ് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികളൊക്കെ അദ്ദേഹത്തിെൻറ ആശയങ്ങളുടെ പ്രതിഫലനങ്ങളാണ് -മോദി പറഞ്ഞു.
മുഖർജിയുടെ ചരമദിനമായ ജൂൺ 23 ബലിദാൻ ദിനമായി ബി.ജെ.പി ആചരിക്കുന്നത് ഒാർമിപ്പിച്ച മോദി, 1953ൽ കശ്മീർ സന്ദർശനത്തിനിടെ സംശയകരമായ സാഹചര്യത്തിലാണ് അദ്ദേഹം മരിച്ചതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
