യോഗിയെ വാനോളം പുകഴ്ത്തി നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് യോഗി യു.പിയിൽ ചെയ്തത്. പടിഞ്ഞാറൻ യു.പിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം. ക്രിമിനലുകളെ നിയന്ത്രണ വിധേയമാക്കുക സാധ്യമല്ലാതിരുന്ന യു.പിയിൽ യോഗി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് നിയമ വ്യവസ്ഥ നിലവിൽ വന്നത്.
നിലവിൽ സംസ്ഥാനം സാക്ഷ്യം വഹിച്ച വികസനങ്ങൾ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ഇരട്ട എഞ്ചിനുള്ള സർക്കാരിന് കീഴിൽ മാത്രമേ സാധ്യമാകൂവെന്നും മോദി പറഞ്ഞു.
100 വർഷങ്ങൾക്കിടയിൽ മാനവരാശി കണ്ടിട്ടില്ലാത്ത പ്രതിസന്ധികളാണ് ലോകം നേരിടുന്നത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും തളരാതെ സംസ്ഥാനത്തിന്‍റെ എല്ലാ വികസന പ്രവർത്തനങ്ങളും നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് നടക്കും. ഏഴ് ഘട്ടങ്ങളായി നിശ്ചയിച്ച തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പായിരിക്കും ഇത്. ക്രമസമാധാനവും വികസനവും പ്രധാന അജണ്ടയാക്കി യു.പിയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുകയാണ്. ബി.ജെ.പി സർക്കാർ രൂപീകരിച്ചാൽ യോഗി തന്നെയാകും സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്നാണ് വിവരം. ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നും വെള്ളിയാഴ്ച്ചയാണ് യോഗി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

