മുംബൈ: ജർമ്മൻ സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണയത്തിലാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പി. ഹിറ്റ്ലറും മോദിയും തമ്മിൽ നിരവധി സാമ്യങ്ങളുണ്ടെന്നും ഇവരെ സൂക്ഷ്മമായി പരിശോധിച്ചാൽ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ശിവസേന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാവത്ത്.
പണ്ട് ഹിറ്റ്ലർ ചെയ്തതു പോലെയാണ് മോദി ഇന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. ഹിറ്റ്‌ലർക്ക് സമാനമായാണ് മോദിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പ്രവർത്തനങ്ങളെന്ന് സമൂഹമാധ്യമങ്ങൾ നോക്കിയാൽ മനസിലാകും. താന്‍ മോദിയെ വിമർശിക്കുകയല്ലെന്നും ചരിത്രത്തിൽ പരാജയപ്പെട്ട നേതാവാണെങ്കിലും അക്കാലത്തെ ഒരു ജനപ്രിയ നേതാവായിരുന്നു ഹിറ്റ്ലറെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
ശിവസേന സ്ഥാപകനായ ബാൽ താക്കറെ അടക്കം ഹിറ്റ്ലറെ പിന്തുടർന്നതാണ്. മോദി ഇപ്പോൾ ഹിറ്റ്ലറുമായി പ്രണയത്തിലായ സ്ഥിതിക്ക് ആരെങ്കിലും ഹിറ്റ്‌ലറെ പ്രശംസിച്ചാൽ അത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ 'ഹനുമാൻ ചാലിസ' പാരായണം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിനിടയിൽ എം.പി നവനീത് റാണക്കും ഭർത്താവ് രവി റാണക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് ഉദ്ദവ് താക്കറെ സർക്കാർ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.