പ്രധാനമന്ത്രിക്ക് ഇനി സ്ഫോടനവും പ്രതിരോധിക്കുന്ന കാർ
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഴ്സിഡസ്-മേബാക്ക് എസ് 650 ഗാർഡ് കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ഇനി 12 കോടി രൂപയുടെ പുതിയ മെഴ്സിഡസ് കാറിൽ. മെഴ്സിഡസ്-മേബാക്ക് എസ് 650 ഗാർഡ് എന്ന മോഡലാണ് പുതിയ കവചിത വാഹനം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സ്വീകരിക്കാൻ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലേക്ക് പ്രധാനമന്ത്രി എത്തിയത് ഈ വാഹനത്തിലാണ്.
റേഞ്ച് റോവർ വോഗ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ മാറ്റിയാണ് മെഴ്സിഡസിെൻറ പുതിയ വാഹനം എത്തിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് പുതിയ വാഹനം ആവശ്യപ്പെട്ടത്. ഒരേ പോലെയുള്ള രണ്ട് വാഹനമാണ് എത്തിച്ചിട്ടുള്ളത്.
രണ്ട് വാഹനത്തിനും 12 കോടി വീതമാണ് വില. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി രണ്ട് വാഹനവും ഒരുമിച്ചാകും യാത്ര. വി.ആർ 10 ലെവൽ പരിരക്ഷയാണ് വാഹനത്തിൽ. ഒരു കാറിൽ ലഭ്യമായ ഏറ്റവും ഉയർന്ന സുരക്ഷ സംവിധാനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച വിൻഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെയും പ്രതിരോധിക്കും. രണ്ട് മീറ്റർ അകലെനിന്നുള്ള അത്യുഗ്ര (15 കിലോഗ്രാം ടി.എൻ.ടി) സ്ഫോടനത്തിൽനിന്നുവരെ യാത്രക്കാരെ സംരക്ഷിക്കാനാകും. ജാലകങ്ങൾക്ക് ഉള്ളിൽ പോളി കാർബണേറ്റാണ്. നേരിട്ടുള്ള സ്ഫോടനത്തിൽനിന്ന് സംരക്ഷണമൊരുക്കാൻ വാഹനത്തിന്റെ അടിഭാഗത്ത് കനത്ത കവചവും ഒരുക്കിയിട്ടുണ്ട്.
വാതക ആക്രമണമുണ്ടായാൽ കാബിനിൽ പ്രത്യേക വായു ലഭിക്കും. 516 ബി.എച്ച്.പി കരുത്തും ഏകദേശം 900 എൻ.എം ടോർക്കും നൽകുന്ന 6.0 ലിറ്റർ ട്വിൻ-ടർബോ V12 എൻജിനാണ് വാഹനത്തിലുള്ളത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗത. കേടുപാടുകൾ സംഭവിച്ചാലും പഞ്ചറായാലും ടയർ പ്രവർത്തിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോർപിയോ ആയിരുന്നു മോദിയുടെ വാഹനം. 2014ൽ പ്രധാനമന്ത്രിയുടെ കസേരയിൽ എത്തിയതോടെ ബി.എം.ഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. പിന്നീടാണ് റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

