ബംഗളൂരു: മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് മുഖ്യപ്രതി അനിഘയെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി. തെൻറ സുഹൃത്തും കണ്ണൂർ സ്വദേശിയുമായ ജിംറീൻ ആഷിയാണ് അനിഘയുടെ ഫോൺ നമ്പർ നമ്പർ ൈകമാറിയതെന്നും ഇയാൾ അനിഘയുടെ ഇടപാടുകാരനായിരുന്നെന്നും മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നു. ഇയാളുടെ ഫോൺ നമ്പറും ഫോേട്ടായും അനൂപ് അന്വേഷണ സംഘത്തിന് കൈമാറി.
2013ൽ ബംഗളൂരുവിലെത്തിയ മുഹമ്മദ് അനൂപ് കമ്മനഹള്ളി മേഖലയിലെ ആഫ്രിക്കൻ പൗരന്മാരിൽനിന്ന് മയക്കുമരുന്ന് ഗുളികകൾ വാങ്ങി ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് കോളജ് വിദ്യാർഥികൾക്കും നിശാപാർട്ടികൾക്കും മയക്കുമരുന്നെത്തിച്ച് പണം കണ്ടെത്തി. 2015ൽ കമ്മനഹള്ളിയിലെ പാട്ടത്തിനെടുത്ത കെട്ടിടത്തിൽ 'ഹയാത്ത്' എന്ന പേരിൽ ഹോട്ടൽ തുടങ്ങിയതായും ഇതിന് കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയതായും മൊഴിയിൽ പറയുന്നു.
എന്നാൽ, 2018ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോട്ടലിെൻറ നടത്തിപ്പ് മറ്റൊരു ടീമിന് കൈമാറി. 2020 ഫെബ്രുവരിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹെന്നൂർ കല്യാൺനഗറിൽ 'റോയൽ സ്യൂട്ട്സ്' എന്ന പേരിൽ ഹോട്ടലും അപാർട്ട്മെൻറും ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗൺ കാരണം വൻ സാമ്പത്തിക നഷ്ടം നേരിട്ടതോടെ എളുപ്പം പണം കണ്ടെത്താൻ മയക്കുമരുന്ന് ഇടപാടിലേക്ക് മാറി
ജിംറിെൻറ സുഹൃത്തെന്ന് പരിചയപ്പെടുത്തി അനിഘയെ ബന്ധപ്പെട്ട അനൂപ് ടെലഗ്രാം മെസേജ് വഴി ഇടപാടുറപ്പിക്കുകയും ബംഗളൂരു കൊത്തനൂരിലെ കോഫി ഷോപ്പിൽ വെച്ച് പണം നൽകുകയും ചെയ്തു. തുടർന്ന് വൈകീേട്ടാടെ കല്യാൺനഗറിലെ തെൻറ അപാർട്ട്മെൻറിലെത്തി അനിഘ മയക്കുമരുന്ന് കൈമാറിയതായും മുഹമ്മദ് അനൂപിെൻറ മൊഴിയിൽ പറയുന്നു.
2015 മുതൽ അനൂപും റിജേഷും തമ്മിൽ സുഹൃത്തുക്കളാണ്. ഗോവയിലെ ഒരു സംഗീത പാർട്ടിയിൽ വെച്ചാണ് ഇരുവരുടെയും പരിചയം തുടങ്ങുന്നത്. താൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും കമ്മനഹള്ളിയിലെ അനൂപിെൻറ ഹോട്ടലിൽ പതിവു സന്ദർശകനായിരുന്നെന്നും ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. 2014 മുതൽ ബംഗളൂരുവിൽ മയക്കുമരുന്ന് ഇടപാട് നടത്തിവരികയാണ് മുഖ്യപ്രതി അനിഘ. വിദ്യാർഥികളിൽനിന്ന് തുടങ്ങിയ ഇടപാട് പിന്നീട് സെലിബ്രിറ്റികളിലേക്കും വളരുകയായിരുന്നു.