Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
cancel

കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ ഒക്ടോബർ മൂന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 19 വർഷം പഴക്കമുള്ള കൊലപാതകം ഉൾപ്പെടെയുള്ള നിരവധി ഗൗരവമേറിയ കേസുകളിലാണ് അറസ്റ്റ്. വെള്ളിയാഴ്ച അറസ്റ്റിലായ അദ്ദേഹത്തെ ഹൽദിയ സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ സമരവുമായി ബന്ധപ്പെട്ട് കലാപം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങളിൽ നിലവിലുണ്ടായിരുന്ന നാല് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് മിലൻ പ്രധാനെ അറസ്റ്റ് ചെയ്തതെന്ന് പശ്ചിമ ബംഗാൾ പൊലീസ് വ്യക്തമാക്കി. ആയുധ നിയമത്തിലെ പ്രസക്ത വകുപ്പുകളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

നന്ദിഗ്രാം പൊലീസ് സ്റ്റേഷനിലെ കേസുകളുമായി ബന്ധപ്പെട്ട മൂന്ന് വാറണ്ടുകളിലാണ് കോടതി മിലൻ പ്രധാനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഖേജൂരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ നാലാമത്തെ വാറണ്ടുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അദ്ദേഹത്തെ കോണ്ടായ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 19 വർഷമായി മിലൻ പ്രധാൻ ഒളിവിലായിരുന്നുവെന്നും പൊലീസ് അദ്ദേഹത്തെ കണ്ടെത്താൻ വൈകിയതിനാലാണ് അറസ്റ്റ് വൈകിയതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

ഒക്ടോബർ ആറിന് നടക്കുന്ന നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മിലൻ പ്രധാനുള്ള പിന്തുണ മുൻ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഈ അറസ്റ്റ് ഉണ്ടായത്. മമതയുടെ വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്ന സഞ്ചിത പ്രധാൻ ഡേ മത്സരത്തിൽനിന്നും പിന്മാറിയതിന് പിന്നാലെയായിരുന്നു ഈ പിന്തുണ പ്രഖ്യാപനം.

തെരഞ്ഞെടുപ്പിന് മുന്നിൽ പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ഈ കേസുകൾ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വിഭാഗവും ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ബി.ജെ.പി, നിലവിലുള്ള ക്രിമിനൽ കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nandigram candidate sent to custody
Next Story