നാനാ പടേക്കറോ സ്മിത് മച്ചാറോ? മുംബൈയിലെ പുതിയ പാലത്തിന്റെ പേരിനെച്ചൊല്ലി തർക്കം
text_fieldsമുംബൈ: മുംബൈയിൽ നിർമാണം പൂർത്തിയായ വിദ്യാവിഹാർ മേൽപ്പാലത്തിന് പേരിടുന്നതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ബോളിവുഡ് നടൻ നാനാ പടേക്കറുടെ പേര് നൽകണമെന്ന് ശിവസേന ആവശ്യപ്പെടുമ്പോൾ, ഹൈജാക്കിങ് ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പേര് നൽകണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തി. തർക്കം ഉടലെടുത്തതോടെ മേൽപ്പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളും കനത്തു.
പാലത്തിന് ‘പത്മശ്രീ നാനാ പടേക്കർ സേതു’ എന്ന് പേരിടണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രവർത്തകർ അടുത്തിടെ പാലത്തിൽ ബാനർ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതാക്കളുടെ സംഘം മുംബൈ മേയർ റിതു താവ്ഡെയെ സന്ദർശിച്ച് ഇതേ ആവശ്യമുന്നയിച്ച് കത്ത് നൽകി.
എന്നാൽ പാലത്തിന് സ്മിത് മച്ചാറിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ പരാഗ് ഷാ നേരത്തേ അധികൃതർക്ക് കത്ത് നൽകിയിരുന്നു. തെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബൈ വിമാനത്തിൽ നടന്ന ആക്രമണ ശ്രമം പരാജയപ്പെടുത്തിയതോടെയാണ് മച്ചാർ ആഗോളതലത്തിൽ ശ്രദ്ധ നേടിയത്.
അതേസമയം, പേരിടൽ നിർദേശത്തിന്റെ ക്രെഡിറ്റ് നേടാനായി ശിവസേന വിവാദം സൃഷ്ടിക്കുകയാണെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ സഭാനേതാവ് ഗണേഷ് ഖൻകർ ആരോപിച്ചു. രാജ്യത്തെ ഏറ്റവും പ്രതിഭാധനരായ നടന്മാരിൽ ഒരാളാണ് നാനാ പടേക്കറെന്നും പാലത്തിന് പകരം അദ്ദേഹത്തിന്റെ പേരിൽ വലിയൊരു തിയറ്ററോ തിയറ്റർ സമുച്ചയമോ സ്ഥാപിക്കുന്നതാണ് ഉചിതമെന്നും ഖൻകർ പറഞ്ഞു.
നീണ്ട കാലതാമസത്തിനുശേഷം നിർമാണം പൂർത്തിയായ 650 മീറ്റർ നീളമുള്ള രണ്ടുവരിപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള കാത്തിരിപ്പിനിടെയാണ് പേരിടൽ തർക്കം ഉയർന്നത്. നിർമാണം പൂർത്തിയായതിനാൽ പാലം എപ്പോൾ വേണമെങ്കിലും തുറക്കാമെന്ന് ഘാട്കോപ്പർ എം.എൽ.എ പരാഗ് ഷാ പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, വാരാന്ത്യത്തിൽ തുറന്നുകൊടുക്കാൻ സാധ്യതയുള്ള മുംബൈയിലെ മൂന്ന് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിൽ ഒന്നാണ് വിദ്യാവിഹാർ പാലം. സിയോൺ പാലവും ഗോരേഗാവ് കണക്ടറും ആണ് മറ്റ് രണ്ടെണ്ണം. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുടെ സൗകര്യം അനുസരിച്ചായിരിക്കും മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനമെന്ന് നഗരസഭാ അധികൃതർ പത്രത്തോട് പറഞ്ഞു.
ഇതിനിടെ നിർമാണം പൂർത്തിയായിട്ടും ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തുനിൽക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയർത്തി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. വിദ്യാവിഹാർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തെ രാംചന്ദ്ര ചെമ്പുർക്കർ മാർഗിനെയും ഘാട്കോപ്പറിലെ പടിഞ്ഞാറുഭാഗത്തെ ലാൽ ബഹദൂർ ശാസ്ത്രി മാർഗിനെയും ബന്ധിപ്പിക്കുന്നതാണ് പാലം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

