നമ്മമെട്രോ കൊള്ള ട്രാക്കിൽ; രാജ്യത്ത് ഏറ്റവും കൂടിയ നിരക്ക്
text_fieldsബംഗളൂരു: മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) 50 ശതമാനത്തോളം നിരക്ക് വർധന നടപ്പാക്കിയതോടെ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോയായി നമ്മ മെട്രോ മാറിയെന്ന് ആക്ഷേപം. തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യമായി ബി.എം.ആർ.സി.എൽ പീക്ക്, നോൺ-പീക്ക് മണിക്കൂർ വിലനിർണയവും അവതരിപ്പിച്ചു. എന്നാൽ, സ്മാർട്ട് കാർഡ് കിഴിവുകൾ ഉണ്ടായിട്ടും വർധന ദൈനംദിന യാത്രക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നു. പുതിയ നിരക്ക് ഘടന പ്രകാരം 0-2 കിലോമീറ്റർ ദൂരത്തിന് കുറഞ്ഞ നിരക്ക് 10 രൂപയായി തുടരുന്നു. എന്നാൽ, 25 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് പരമാവധി നിരക്ക് 60 രൂപയിൽനിന്ന് 90 രൂപയായി വർധിച്ചു. 10-12 കിലോമീറ്റർ യാത്ര ചെയ്യുന്ന യാത്രക്കാരിൽനിന്ന് 60 രൂപയും 15-20 കിലോമീറ്റർ യാത്ര ചെയ്യുന്നവരിൽനിന്ന് 70 രൂപയും ഈടാക്കുന്നു.
20-25 കിലോമീറ്റർ യാത്രക്കുള്ള നിരക്ക് 80 രൂപയാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന മെട്രോ നിരക്കുകളിൽ ഒന്നാണെന്നാണ് പറയുന്നത്. സ്മാർട്ട് കാർഡുകളിൽ ആവശ്യമായ മിനിമം ബാലൻസ് 50 രൂപയിൽനിന്ന് 90 രൂപയായി ഉയർത്തിയത് യാത്രക്കാർക്ക് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ ശൃംഖലയായ ഡൽഹി മെട്രോയിൽ പരമാവധി നിരക്ക് 60 രൂപയാണെന്നിരിക്കെ ബംഗളൂരുവിലെ പുതുക്കിയ പരമാവധി നിരക്കായ 90 രൂപ ട്രാക്കിലെ കൊള്ളയാണെന്ന് യാത്രക്കാർ പറയുന്നു. ഡൽഹി മെട്രോ നിരക്കുകൾ ദൂര സ്ലാബുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഏറ്റവും കുറഞ്ഞ നിരക്ക് രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 10 രൂപയും 32 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 50 രൂപയുമാണ്. ബംഗളൂരുവിൽനിന്ന് വ്യത്യസ്തമായി ഡൽഹി മെട്രോ പീക്ക്-അവർ വിലനിർണയം നടപ്പാക്കുന്നില്ല. പക്ഷേ, മെട്രോ കാർഡുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.താരതമ്യേന ചെറിയ ശൃംഖലയുള്ള അഹ്മദാബാദ് മെട്രോയിലും ബംഗളൂരുവിനേക്കാൾ കുറഞ്ഞ നിരക്കേയുള്ളൂ. ആദ്യത്തെ രണ്ട് കിലോമീറ്ററിന് അഹ്മദാബാദിലെ ഏറ്റവും കുറഞ്ഞ നിരക്ക് അഞ്ച് രൂപയാണ്. 40 കിലോമീറ്റർ ദൈർഘ്യമുള്ള പരമാവധി നിരക്ക് 25 രൂപയും. ദീർഘദൂര യാത്രകൾക്ക് പോലും ബംഗളൂരുവിന്റെ പുതുക്കിയ വിലയേക്കാൾ നിരക്കുകൾ വളരെ കുറവാണ്. അഹ്മദാബാദ് മെട്രോ പ്രധാനമായും പ്രാദേശിക യാത്രക്കാർക്ക് സേവനം നൽകുന്നു.
കൂടാതെ താങ്ങാനാവുന്ന പൊതുഗതാഗത ഓപ്ഷനുകൾ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നായി ഇത് നിലനിർത്തുന്നു. പൂനെ മെട്രോയിലും ബംഗളൂരുവിന്റെ പഴയ സംവിധാനത്തിന് സമാനമായിത്തന്നെയാണ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ദീർഘദൂര യാത്രകൾക്ക് 10 രൂപയിൽ ആരംഭിച്ച് 40 രൂപ വരെ നിരക്കുകൾ ഈടാക്കും. ഈ നിരക്കിലും പൂനെ മെട്രോ ശൃംഖല വികസന ട്രാക്കിലാണ്.
ഇന്ത്യയിലെ എല്ലാ മെട്രോ നെറ്റ്വർക്കുകളിലും ഏറ്റവും കുറഞ്ഞ നിരക്കുകൾ കൊൽക്കത്ത മെട്രോയിൽ തുടരുന്നു. അഞ്ച് രൂപ പ്രാരംഭ നിരക്കും 25 രൂപ പരമാവധി നിരക്കുമേയുള്ളൂ കൊൽക്കത്തയിൽ. കൊൽക്കത്ത മെട്രോ ഏറ്റവും ബജറ്റ് സൗഹൃദ നഗര ഗതാഗത സംവിധാനങ്ങളിൽ ഒന്നായി തുടരുന്നുമുണ്ട്.
ബി.ജെ.പി നിലപാട് കാപട്യം -മുഖ്യമന്ത്രി
ബംഗളൂരു: മെട്രോ നിരക്ക് വർധനയിൽ ബി.ജെ.പിയുടെ നിലപാട് കാപട്യമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
മെട്രോ നിർമാണത്തിന് കേന്ദ്ര സർക്കാറിനെ പ്രശംസിക്കുകയും നിരക്ക് വർധനയിൽ ആളുകൾ അതൃപ്തി പ്രകടിപ്പിക്കുമ്പോൾ അവർ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് വിരോധാഭാസമാണ്.
നിരക്ക് പരിഷ്കരണത്തിൽ 10 രൂപ മുതൽ 90 രൂപ വരെ നിരക്കുകൾ ഉണ്ടായിരുന്നു, ചില റൂട്ടുകളിൽ 100 ശതമാനം വരെ വർധനയുണ്ടായി. ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ഒരു സംയുക്ത സംരംഭമാണെന്നും സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ തുല്യ സംഭാവനകളുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഒരു സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ ബി.എം.ആർ.സി.എൽ പൂർണമായി സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലല്ല.
2017 മുതൽ ഒരു വർധനയും നടപ്പാക്കിയിട്ടില്ലായിരുന്നു. നിരക്ക് വർധന സംബന്ധിച്ച് ബി.എം.ആർ.സി.എൽ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. യാത്രനിരക്ക് പരിഷ്കരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിന് മാത്രമാണെങ്കിൽ ബി.എം.ആർ.സി.എൽ എന്തിനാണ് കേന്ദ്ര സർക്കാറിന് കത്തെഴുതുന്നത്? -അദ്ദേഹം ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

