ഹിന്ദി അടിച്ചേൽപ്പിക്കുന്നു, ഉച്ചരിക്കാൻ പ്രയാസം; ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റത്തിനെതിരെ ഡി.എം.കെ
text_fieldsന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകുന്നതിനെതിരെ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെ. ക്രിമിനൽ നിയമങ്ങൾ അപ്പാടെ പൊളിച്ചെഴുതുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മൂന്ന് ബില്ലുകൾ അവതരിപ്പിച്ചിരുന്നു.
1860ലെ ഇന്ത്യൻ ശിക്ഷാ നിയമം, 1898ലെ ക്രിമിനൽ നടപടി ക്രമം (ഭേദഗതി 1972), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ കാതലായ നിയമത്തിന് പകരം ‘ഭാരതീയ ന്യായസംഹിത’ ബിൽ- 2023’ഉം 1973ലെ ക്രിമിനൽ നടപടി ക്രമത്തിന് പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ ബിൽ-2023’ഉം 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ‘ഭാരതീയ സാക്ഷ്യ’ ബിൽ-2023’ഉം ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
മൂന്ന് ബില്ലുകൾ ഹിന്ദിയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ ഇന്ത്യയൊട്ടാകെ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ഡി.എം.കെ എം.പി വിൽസൺ ആരോപിച്ചു. ‘മൂന്ന് ബില്ലുകളുടെയും പേരുകൾ ഇംഗ്ലീഷിലേക്ക് മാറ്റണമെന്ന് അഭ്യർഥിക്കുന്നു. നിർബന്ധിത ഹിന്ദി നടപ്പാക്കാരുത്, അത് അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്’ -വിൽസൺ പ്രതികരിച്ചു.
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുത്തശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയിൽ വ്യത്യസ്ത ഭാഷകൾ ഉള്ളതിനാൽ ഇംഗ്ലീഷ് ഒരു പൊതു ഭാഷയാണ്. മൂന്ന് ബില്ലുകളും ഹിന്ദിയിലാണ്, അതിനാൽ ഇത് ഏത് ബില്ലാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല. ആ പേരുകൾ ഉച്ചരിക്കാൻ പ്രയാസമാണ്. ഇത് ഇന്ത്യയിലുടനീളം ഹിന്ദി അടിച്ചേൽപിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലുകൾ കൂടുതൽ ചർച്ചക്കായി പാർലമെന്റിന്റെ ആഭ്യന്തര മന്ത്രാലയ സ്ഥിര സമിതിക്ക് വിട്ടിരുന്നു. നാല് വർഷം നീണ്ട പ്രക്രിയയിൽ, 158 കൂടിയാലോചനകൾക്കൊടുവിലാണ് ക്രിമിനൽ നിയമങ്ങളുടെ പൊളിച്ചെഴുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

