നളിനിയുടെ മോചനം: കേന്ദ്രത്തിനും തമിഴ്നാടിനും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി, ആര്‍.പി. രവിചന്ദ്രൻ എന്നിവർ മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാട് സര്‍ക്കാറിനും നോട്ടീസ് അയച്ചു.
മോചിപ്പിക്കാമെന്ന തമിഴ്‌നാട് സർക്കാറിന്‍റെ ശിപാർശയിൽ ഗവർണർ തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മദ്രാസ് ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് ഇരുവരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് ഒക്ടോബര്‍ നാലിന് വീണ്ടും പരിഗണിക്കും.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ നളിനി ഉള്‍പ്പടെയുള്ള പ്രതികളെ 1998ല്‍ പ്രത്യേക ടാഡ കോടതി വധശിക്ഷക്ക് വിധിച്ചു. കേസ് സുപ്രീംകോടതിയില്‍ എത്തിയതോടെ 19 പേരെ കുറ്റമുക്തരാക്കുകയും നളിനി ഉള്‍പ്പടെ നാല് പേരുടെ വധശിക്ഷ ശരിവെക്കുകയും ചെയ്തു.
രവിചന്ദ്രന്‍ അടക്കം മൂന്നു പേരെ ജീവപര്യന്തം തടവിനും വിധിച്ചു. പിന്നീട് നളിനിയുടെ വധശിക്ഷ ജീവപര്യന്തം ശിക്ഷയാക്കി കുറക്കുകയാണുണ്ടായത്.