നിയമാനുസൃതമായി നിർമിച്ചതാണത്; നാഗ്പൂർ കലാപത്തിൽ അറസ്റ്റിലായവരുടെ വീട് പൊളിച്ചത് പ്രതികാര നടപടിയെന്ന് കുടുംബം
text_fieldsമുംബൈ: മാർച്ച് 17ന് നടന്ന നാഗ്പുർ കലാപക്കേസിൽ അറസ്റ്റിലായ യൂസുഫ് ശൈഖിന്റെ വസതി നഗരസഭ അനധികൃതർ ഭാഗികമായി പൊളിച്ചു നീക്കിയത് പ്രതികാര നടപടിയെന്ന് കുടുംബം. എല്ലാ രേഖകളും കൈവശമുണ്ടായിരിക്കെയാണ് നാഗ്പൂർ നഗരസഭ വീട് പൊളിച്ചുനീക്കിയതെന്ന് സഹോദരൻ അയാസ് ശൈഖ് ആരോപിച്ചു. നിയമപരമായി നിർമിച്ച വീടാണത്. എന്നാൽ അനധികൃത കെട്ടിടം എന്നുപറഞ്ഞാണ് നഗരസഭ അധികൃതർ കെട്ടിടം പൊളിച്ചു നീക്കിയത്. പൊളിക്കൽ നടപടി സ്റ്റേ ചെയ്യാൻ ബോംബെ ഹൈകോടതി ഉത്തരവിട്ടപ്പോഴേക്കും യൂസുഫ് ശൈഖിന്റെ വീട് നഗരസഭ ഭാഗികമായി പൊളിച്ചുനീക്കിയിരുന്നു. നഗരസഭ നടപടിക്കെതിരെ ഇരുവരും നൽകിയ ഹരജിയിലായിരുന്നു സ്റ്റേ ഉത്തരവ്.
''ഞങ്ങൾക്ക് കലാപത്തിൽ പങ്കില്ല. ഇത് ഞങ്ങളുടെ പിതൃസ്വത്താണ്. 1970കൾ മുതൽ ഇതിന്റെ ഉടമയാണ് ഞാൻ. നിയമം അനുസരിച്ചു ജീവിക്കുന്ന പൗരൻമാരാണ് ഞങ്ങൾ. ഇവിടെ ഹിന്ദു-മുസ്‍ലിംകൾ ഐക്യത്തോടെയാണ് ജീവിക്കുന്നത്.''-അയാസ് ശൈഖ് പറഞ്ഞു. വീട് പൊളിക്കലുമായി ബന്ധപ്പെട്ട് ശനിയാഴ്ച കുടുംബത്തിന് നോട്ടീസ് ലഭിച്ചിരുന്നുവെന്നും അയാസ് ശൈഖ് പറഞ്ഞു.
സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും കെട്ടിടത്തിന്റെ പ്ലാനും ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കിയെന്നും എന്നാൽ അവ നഗരസഭ ഓഫിസിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അയാൻ ശൈഖ് പറഞ്ഞു. എന്നാൽ അവിടെയെത്തിയപ്പോൾ ഉദ്യോഗസ്ഥർ രേഖകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. എന്നിട്ടും തപാൽ വഴി രേഖകളെല്ലാം അയക്കാനും അയാൻ ശൈഖ് ശ്രമിച്ചു. തിങ്കളാഴ്ച വീണ്ടും നഗരസഭയിലെത്തിയപ്പോഴാണ് പൊളിക്കാനുള്ള ഉത്തരവിറക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അയാൻ ശൈഖിന്റെ കുടുംബം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുമ്പോഴേക്കും വീട് ഭാഗികമായി പൊളിച്ചു മാറ്റുകയും ചെയ്തു.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് 17ന് വി.എച്ച്.പി പ്രവർത്തകർ നാഗ്പൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഔറംഗസീബിന്റെ പ്രതീകാത്മക കോലം കത്തിക്കുകയും ചെയ്തു. അതോടൊപ്പം വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്ത 'ഛാദർ' കത്തിച്ചുവെന്ന പ്രചാരണം നടന്നു. ഇതിനെതിരെ നടന്ന പ്രതിഷേധമാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

