ലോയയുടെ ദുരൂഹമരണം : പൊലീസ് അന്വേഷണവും ഫയലില്‍ കുരുങ്ങി
text_fieldsമുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും ഫയലിൽ കുരുങ്ങി. ലോയയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചതോടെയാണ് നാഗ്പുർ പൊലീസിെൻറ അന്വേഷണത്തിലെ അനാസ്ഥ പുറത്തുവന്നത്.
വിവാദത്തെതുടര്‍ന്ന് കമീഷണറുടെ നിര്‍ദേശപ്രകാരം ഫയലുകള്‍ പൊടിതട്ടിയെടുത്തപ്പോള്‍ അപൂര്‍ണമായ റിപ്പോര്‍ട്ടാണ് കെണ്ടത്തിയതെന്ന് സദര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ബോണ്ടെ പറഞ്ഞു. പല വിവരങ്ങളും എഴുതിയിട്ടില്ല. ഇതോടെ ലോയ താമസിച്ച അതിഥിമന്ദിരത്തിലെയും ആശുപത്രിയിലെയും ജീവനക്കാരുടെയും മരണസമയത്തുണ്ടായിരുന്ന ജഡ്ജിമാരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുകയാണ് പൊലീസ്.
ലോയയുടെ ബന്ധുക്കള്‍ മൊഴി നല്കുന്നതില് നിന്ന് ഒഴിഞ്ഞു മാറിയതുമൂലമാണ് ആദ്യ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടില്ല. ലോയയുടെ നാടായ ലാത്തൂരിലെ ഗാട്ടെഗാവ് പൊലീസ് വഴി ഗ്രാമത്തലവന് മുഖേന കുടുംബത്തെ വിവരമറിയിച്ചതായും എന്നാല്‍ അവര്‍ ഒഴിഞ്ഞുമാറുകയാണെന്നും സീനിയര്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ബോണ്ടെ പറയുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ ലോയയുടെ മരണത്തില്‍ സംശയിക്കാവുന്ന ഒന്നും കെണ്ടത്തിയിട്ടില്ലെന്നും ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 11ന് പുണെയില്‍ ലോയയുടെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതിന് പോയ ബന്ധുക്കൾ തിരിച്ച് ഗ്രാമത്തില്‍ എത്തിയിട്ടില്ല എന്നാണ് ലോയയുടെ പിതൃസഹോദരന് പറയുന്നത്. സമ്മര്‍ദത്തെതുടര്‍ന്ന് കുടുംബാംഗങ്ങള്‍ മാറിനില്‍ക്കുകയാണെന്ന് സൂചനയുണ്ട്. വിഷയം വിവാദമായതിനെതുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ നാരായണ്‍ റാണെയെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന വിഷയമാണ് ഇവര്‍ ചര്‍ച്ചചെയ്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ലോയയുടെ ബന്ധുക്കളില്‍ ചിലര്‍ അദ്ദേഹത്തിെൻറ മരണത്തില്‍ ദുരൂഹതയില്ലെന്ന് അവകാശപ്പെട്ട് രംഗത്തുവന്നതും നേരേത്ത ആരോപണം ഉന്നയിച്ചവര്‍ വീടുകളില്‍ നിന്ന് മാറി കഴിയുന്നതും ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണെന്ന് സംശയമുണ്ട്. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചയാണ് ബ്രിജ്ഗോപാല്‍ ലോയ നാഗ്പുരില്‍ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
