നാഗ്പൂർ-മുംബൈ ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; മൂന്ന് കോച്ചുകളുടെ ചില്ലുകൾ തകർന്നു
text_fieldsനാഗ്പൂർ: നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന നാഗ്പൂർ-മുംബൈ സി.എസ്.എം.ടി ദുരന്തോ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 12290) നേരെ കല്ലേറ്. സെപ്റ്റംബർ 25 വെള്ളിയാഴ്ച രാത്രി 8:27-ഓടെ മഹാരാഷ്ട്രയിലെ ബോർഖേഡി സ്റ്റേഷൻ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. പുറത്തുനിന്നാരോ എറിഞ്ഞ കല്ലോ വസ്തുവോ പതിച്ച് ട്രെയിനിലെ A-1, B-2, B-5 എന്നീ കോച്ചുകളുടെ ജനൽച്ചില്ലുകൾ തകർന്നു.
യാത്രക്കാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് കല്ല് ചില്ല് തകർത്ത് അകത്തേക്ക് പതിച്ചത്. എങ്കിലും വലിയൊരു ദുരന്തം ഒഴിവായിരിക്കുകയാണെന്നും ആർക്കും പരിക്കുകളില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് രാത്രി 8:46-ഓടെ വിവരം ലഭിച്ചയുടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്) ഗവൺമെന്റ് റെയിൽവേ പൊലീസും (ജി.ആർ.പി) ബോർഖേഡി-സിന്ധി സെക്ഷനിൽ പരിശോധന നടത്തി. ബോർഖേഡി, ബ്രഹ്മാണി എന്നീ സമീപ ഗ്രാമങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ യാതൊരു വസ്തുവോ തെളിവോ കണ്ടെത്താനായിട്ടില്ല.
സംഭവത്തിൽ റെയിൽവേ നിയമപ്രകാരം (സെക്ഷൻ-153) വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സി.പി.ആർ.ഒ) ഡോ. സ്വപ്നിൽ നില അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

