എന്തൊരു ഹൃദയശൂന്യയാണവർ! മണിപ്പൂരിനെ കുറിച്ച് മിണ്ടാത്ത സ്മൃതി ഇറാനിയെ വിമർശിച്ച് നഗ്മ
text_fieldsസ്മൃതി ഇറാനി, നഗ്മ
ന്യൂഡൽഹി: മണിപ്പൂരിനെ കുറിച്ച് പരാമർശിക്കാതെ പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് പാർലമെന്റ് ചർച്ചക്കിടെ ‘അലറി വിളിച്ച’ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ നിശിത വിമർശനവുമായി നടി നഗ്മ. മണിപ്പൂരിൽ അക്രമം തുടർന്നുകൊണ്ടിരിക്കുമ്പോൾ അതേക്കുറിച്ച് മിണ്ടാതെ മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് വലിയവായിൽ ഒച്ചവെക്കുന്ന സ്മൃതി ഇറാനി ഹൃദയശൂന്യയാണെന്നും മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നഗ്മ കുറ്റപ്പെടുത്തി.
‘സ്മൃതി ഇറാനി എന്ന ഈ സ്ത്രീയെ നോക്കൂ..മണിപ്പൂരിലെ ജനങ്ങളോട് എന്തുമാത്രം ഹൃദയശൂന്യയാണവർ. മണിപ്പൂരിൽ അക്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 80 ദിവസത്തിലേറെയായി ജനങ്ങൾക്കുനേരെ അതിഭീകരമായ അക്രമം നടക്കുന്നു, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നു, നഗ്നരാക്കി നടത്തിക്കുന്നു. എന്നിട്ട്, മണിപ്പൂരിലേതുപോലെ ക്രമസമാധാന നില തകർന്നിട്ടില്ലാത്ത, ബി.ജെ.പിയിതര കക്ഷികൾ അധികാരത്തിലുള്ള മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് സ്മൃതി ഇറാനി വലിയവായിൽ ഒച്ചവെക്കുകയാണ്. മണിപ്പൂരിനെ കുറിച്ച് അവർ ഒന്നും മിണ്ടുന്നില്ല. അതേക്കുറിച്ച് മിണ്ടാതിരിക്കാൻ ആളുകളെ നിർബന്ധിക്കുകയാണ്’ -ട്വിറ്ററിൽ നഗ്മ കുറിച്ചു.
മണിപ്പൂരിലെ ഭീകരത ഇപ്പോഴും തുടരുകയാണ്. അവിടുത്തെ മോശം സാഹചര്യം എങ്ങനെ കൂട്ടായി പരിഹരിക്കാമെന്ന് ചർച്ചചെയ്യുകയാണിപ്പോൾ വേണ്ടത്. അതേക്കുറിച്ച് ആശങ്കയുള്ള പൗരന്മാർ ആഗ്രഹിക്കുന്നത് അതാണ്. മണിപ്പൂരിനെക്കുറിച്ച് ശാന്തമായി ചർച്ച ചെയ്ത്, അവിടെ നിലവിലുള്ള ഭയാനകമായ സാഹചര്യം പരിഹരിക്കാൻ ആഗ്രഹിക്കുന്നതിനുപകരം അവർ ചുമ്മാ അലറിവിളിക്കുകയാണ്. എല്ലായ്‌പ്പോഴും വെറുതെ വായിട്ടലക്കാനാണ് അവർ സമയം ചെലവിടുന്നത്.
മണിപ്പൂർ കത്തിക്കൊണ്ടിരിക്കുന്ന സമയത്ത് അവിടുത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സ്മൃതി ഇറാനി ആഗ്രഹിക്കുന്നതിൽ ലജ്ജിക്കുന്നു. ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിൻ സർക്കാർ’ മണിപ്പൂരിൽ ഉള്ളതിനാലാണ് അവിടുത്തെ പ്രശ്നങ്ങളെകുറിച്ച് പ്രത്യേകം സംസാരിക്കാൻ അവർ ആഗ്രഹിക്കാത്തത്. അവിടെ നിയമവാഴ്ച പൂർണമായി അട്ടിമറിക്കപ്പെട്ടിട്ടും അവർക്കതിൽ പ്രശ്നമില്ല. മണിപ്പൂർ ഗവർണർ പോലും അവിടത്തെ സ്ഥിതിയിൽ അസ്വസ്ഥനാണ്. ആ സമയത്ത് സ്മൃതി ഇറാനി മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു! മണിപ്പൂരിലെ ജനങ്ങളും ഇന്ത്യക്കാരാണെന്നത് അവർ മറക്കുന്നു.
ഒരു പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധി മണിപ്പൂരിൽ പോയി അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടു. സ്മൃതിക്ക് കഴിയുമെങ്കിൽ മണിപ്പൂരിലെ ജനങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാം. കുറഞ്ഞത് അവർക്ക് വേണ്ടി ശബ്ദമുയർത്തുകയെങ്കിലും’ -നഗ്മ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

