നാഗപട്ടണം എം.പി എം. ശെൽവരാജ് അന്തരിച്ചു; മുതിർന്ന സി.പി.ഐ നേതാവാണ്
text_fieldsചെന്നൈ: നാഗപട്ടണം ലോക്സഭാംഗവും മുതിർന്ന സി.പി.ഐ നേതാവുമായ എം. ശെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ-വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയാണ് അന്ത്യം.
ശെൽവരശു എന്നറിയപ്പെടുന്ന ശെൽവരാജ് 1957ൽ തിരുവാരൂർ ജില്ലയിലാണ് ജനിച്ചത്. സി.പി.ഐയുടെ വിദ്യാർഥി-യുവജന സംഘടനകളിലൂടെ കടന്നുവന്ന ഇദ്ദേഹം നാഗപട്ടണം ജില്ല സെക്രട്ടറിയായും പാർട്ടി ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 1989ൽ നാഗപട്ടണം ലോക്സഭ മണ്ഡലത്തിൽനിന്ന് ആദ്യമായി വിജയിച്ച ശെൽവരാജ് 1996, 1998, 2019 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യപരമായ കാരണങ്ങളാൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ഭാര്യ: കമലവതനം. മക്കൾ: ശെൽവപ്രിയ, ദർശിനി. ചൊവ്വാഴ്ച രാവിലെ പത്തിന് നാഗപട്ടണം ചിട്ടമല്ലി ഗ്രാമത്തിൽ സംസ്കാരച്ചടങ്ങ് നടക്കും.
ഡെൽറ്റ മേഖലയിലെ ജനങ്ങളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ശെൽവരാജ് പുതിയ റെയിൽവേ പദ്ധതികൾ നടപ്പാക്കുന്നതിലും മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മറ്റു വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.