ദേശസ്നേഹം നിർബന്ധിത അനുസരണമല്ല; വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ നാഗാലാൻഡ് ചർച്ച് കൗൺസിൽ
text_fieldsകൊഹിമ: വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഏത് ഉത്തരവിനെയും, പ്രത്യേകിച്ച് ക്രിസ്തീയ സമൂഹത്തിൽപ്പെട്ടവർക്ക് മേൽ അത് അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെയും ശക്തമായി എതിർക്കുമെന്ന് നാഗാലാൻഡ് ചർച്ച് കൗൺസിൽ വ്യക്തമാക്കി. ദേശസ്നേഹം ഒരിക്കലും നിർബന്ധിത അനുസരണമായി ചുരുങ്ങരുത് എന്നും കൗൺസിൽ ഓർമിപ്പിച്ചു.
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളെയും ദേശസ്നേഹ വികാരങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും തങ്ങൾ പൂർണമായി ബഹുമാനിക്കുന്നുണ്ടെന്നും അതേസമയം വിശ്വാസം, മതപരമായ ബോധം, മനസാക്ഷി, വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ സൂക്ഷ്മതയും ബഹുമാനവും ആവശ്യമാണെന്ന് കൗൺസിൽ വ്യക്തമാക്കി. നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. മാർ പോംഗെനറും സാമൂഹിക കാര്യ സെക്രട്ടറി ഡോ. വില്ലോ നലേയും പുറത്തിറക്കിയ പ്രസ്താവനയിലാണ് കൗൺസിലിന്റെ നിലപാട് അറിയിച്ചത്.
‘ദേശസ്നേഹം ഒരിക്കലും നിർബന്ധിത അനുസരണമായി ചുരുങ്ങരുത്,’ എന്ന് വ്യക്തമാക്കിയ കൗൺസിൽ, നിർദ്ദിഷ്ടമായ ദേശസ്നേഹ പ്രകടനങ്ങളിൽ പങ്കാളിയാകുന്നത് കൊണ്ട് മാത്രം ഒരു പൗരന്റെ രാജ്യത്തോടുള്ള സ്നേഹം അളക്കാനാവില്ലെന്നും ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ വിവിധ വിശ്വാസങ്ങളും സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും രാജ്യത്തിന്റെ സവിശേഷതയാണെന്ന് കൗൺസിൽ വ്യക്തമാക്കി. ദേശീയ ചിഹ്നങ്ങളോ ആചാരങ്ങളോ വ്യത്യസ്ത സമൂഹങ്ങൾക്ക് വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന ഘട്ടങ്ങളിൽ സർക്കാരും പൊതുസ്ഥാപനങ്ങളും സംയമനവും സൂക്ഷ്മതയും പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നിർബന്ധബുദ്ധി ബാഹ്യമായ അനുസരണത്തിന് കാരണമായേക്കാമെങ്കിലും യഥാർത്ഥ കൂറോ ഉൾക്കാഴ്ചയോ സൃഷ്ടിക്കില്ലെന്ന് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ അഭിപ്രായപ്പെട്ടു. സംഭാഷണങ്ങളും പരസ്പര ധാരണയും ഉൾക്കൊള്ളലും മനസാക്ഷിപരമായ വിയോജിപ്പുകളെ ബഹുമാനിക്കലുമാണ് വേണ്ടത്. വിഷയത്തിൽ സർക്കാരും അധികാരികളും പൊതു സമൂഹവും ജ്ഞാനത്തോടും സംയമനത്തോടും ഭരണഘടനാപരമായ സെൻസിറ്റിവിറ്റിയോടും കൂടി സമീപിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

