നബ കിഷോർ, ഒഡിഷ മന്ത്രിസഭയിൽ തിളങ്ങിയ താരം
text_fieldsഭുവനേശ്വർ: ബിജു ജനതാദളിന്റെ (ബി.ജെ.ഡി) രാഷ്ട്രീയ സ്വാധീനത്തെ ശക്തമായി അതിജീവിച്ച കോൺഗ്രസുകാരനായിരുന്നു നാലു വർഷം മുമ്പ് വരെ നബ കിഷോർ ദാസ്. ഒടുവിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നവീൻ പട്നായിക്കിന്റെ രാഷ്ട്രീയം അംഗീകരിച്ച് ബി.ജെ.ഡിയിൽ ചേർന്നു. നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭയിലുമെത്തി. ആരോഗ്യമന്ത്രി സ്ഥാനത്ത് നന്നായി പ്രവർത്തിക്കുന്നതിനിടെയാണ് മുൻ അംഗരക്ഷകന്റെ പോയന്റ് ബ്ലാങ്ക് വെടിയിൽ നബ കിഷോറിന് ജീവൻ നഷ്ടമാകുന്നത്.
കഴിഞ്ഞ ജൂണിൽ നവീൻ പട്നായിക് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ഇളക്കം തട്ടാത്ത അപൂർവം പേരിൽ ഒരാളായിരുന്നു ഇദ്ദേഹം. അടുത്തിടെ നടന്ന പദംപുർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രവചനങ്ങൾക്ക് വിരുദ്ധമായി പാർട്ടി സ്ഥാനാർഥിക്ക് തകർപ്പൻ ജയം നേടാനായത് നബ കിഷോറിന്റെ രാഷ്ട്രീയ ആസൂത്രണത്തെ തുടർന്നായിരുന്നു.നിയമവിദ്യാർഥിയായിരിക്കെ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ സ്റ്റുഡന്റ് യൂനിയനിൽ പ്രവർത്തിച്ചാണ് നബ കിഷോർ പൊതുപ്രവർത്തനരംഗത്തെത്തിയത്. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും ഉയർന്ന പദവികളിലെത്തി. എ.ഐ.സി.സി അംഗവും ഒ.പി.സി.സി വർക്കിങ് പ്രസിഡന്റുമായി. 2009ലും ’14ലും ഝാർസുഗുഡയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ഇദ്ദേഹം 2019ൽ ബി.ജെ.ഡിയിലേക്ക് മാറി.
ഖനികളുടെ നാടായ ഝാർസുഗുഡയിൽ നിന്നുള്ള സമ്പന്ന രാഷ്ട്രീയക്കാരനായിരുന്നു നബ കിഷോർ ദാസ്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ തനിക്ക് 34 കോടിയുടെ സ്വത്തുണ്ടെന്നാണ് അടുത്തിടെ മന്ത്രി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

