ശാന്തിനഗറിൽ എൻ.എ. ഹാരിസ് തന്നെ മത്സരിക്കും
text_fieldsബംഗളൂരു: അനിശ്ചിതത്വം നീങ്ങി, ബംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ എൻ.എ. ഹാരിസിനെ തന്നെ മത്സരിപ്പിക്കും. കോൺഗ്രസ് കേന്ദ്ര നേതൃത്വം ഹാരിസിെൻറ സ്ഥാനാർഥിത്വത്തിന് പച്ചക്കൊടി കാണിച്ചതായാണ് വിവരം. നഗരത്തിലെ പബിൽ യുവാവിനെ മർദിച്ച കേസിൽ മകൻ അറസ്റ്റിലായതും തുടർന്നുണ്ടായ വിവാദങ്ങളുമാണ് ഹാരിസിനെ മത്സരിപ്പിക്കുന്നത് അനിശ്ചിതത്വത്തിനിടയാക്കിയത്.
പാർട്ടിയിലെ ഒരുവിഭാഗം ഹാരിസിനെ മത്സരിപ്പിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച പാർട്ടി പുറത്തുവിട്ട പട്ടികയിൽ ശാന്തിനഗർ ഉൾപ്പെടെ അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. പിന്നാലെ, മണ്ഡലത്തിൽ പാർട്ടി സ്വന്തം നിലയിൽ നടത്തിയ സർവേയിൽ വിജയസാധ്യത കൂടുതൽ ഹാരിസിനായിരുന്നു. തുടർന്നാണ് മത്സരിപ്പിക്കാനുള്ള അനുമതിപത്രമായ ബി ഫോറം അദ്ദേഹത്തിനു നൽകാൻ തീരുമാനിച്ചത്. രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.ബംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ബി-പാക്) നടത്തിയ സർവേയിൽ നഗരത്തിലെ മികച്ച എം.എൽ.എയായി ഹാരിസിനെയാണ് തിരഞ്ഞെടുത്തത്.
മുതിർന്ന നേതാവ് സി.കെ. ജാഫർ ഷെരീഫിെൻറ മരുമകനും മുൻ എം.എൽ.എയുമായ സെയ്ദ് യാസീനെ റായ്ച്ചൂരിൽ സ്ഥാനാർഥിയാക്കും. സിന്ദഗി, നാഗത്തന, കിട്ടൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. അതേസമയം, പ്രതിഷേധത്തെ തുടർന്ന് ജഗലൂർ, തിപ്തൂർ, ബദാമി, മടിക്കേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് ബി ഫോമുകൾ നൽകുന്നത് താൽക്കാലികമായി തടഞ്ഞുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
