മൈസൂരു കൂട്ടബലാത്സംഗം: ആറാമത്തെ പ്രതി തമിഴ്നാട്ടിൽ പിടിയിൽ
text_fieldsമൈസൂരു കൂട്ടബലാത്സംഗം നടന്ന സ്ഥലം കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര സന്ദർശിച്ചപ്പോൾ
ബംഗളൂരു: മൈസൂരു ചാമുണ്ഡി ഹിൽസിൽ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറാമത്തെ പ്രതിയും പിടിയിലായി. തമിഴ്നാട്ടിൽ നിന്നാണ് തിരുപ്പൂരിൽ നിന്നുള്ള 34കാരൻ പിടിയിലായത്. ഇയാളെ ഇന്നുതന്നെ മൈസൂരുവിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
കേസിൽ നേരത്തേ അഞ്ചുപേർ പിടിയിലായിരുന്നു. ഒളിവിൽ പോയ ആറാമന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. മൊത്തം ആറുപ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഒരു യുവാവ് കൂടി ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. നേരത്തേ പിടിയിലായ അഞ്ചുപേരും തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളുമാണ്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇതിൽ നാലുപേരെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാർഥിനിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന യുവാവിനെ അടിച്ച് ബോധം കെടുത്തിയ ശേഷമാണ് സംഘം പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ പകർത്തിയശേഷം പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചാമുണ്ഡി ഹിൽസ് മേഖലയിലെത്തുന്ന ജോഡികളെ ഭീഷണിപ്പെടുത്തിയ ശേഷം യുവതികളെ പീഡിപ്പിക്കുകയും പണവും മറ്റും കവരുകയും ചെയ്യുന്നത് പതിവാക്കിയവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു.
പ്രദേശത്ത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും ബസ് ടിക്കറ്റ്, മദ്യകുപ്പികൾ എന്നിവയിൽനിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം, പീഡനത്തിന് ഇരയായ പെൺകുട്ടി മൊഴി രേഖപ്പെടുത്താതെ കുടുംബത്തോടൊപ്പം നഗരം വിട്ടതായി കർണാടക പൊലീസ് പറയുന്നു. പെൺകുട്ടി മൊഴി നൽകാത്തത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും അറസ്റ്റിലായവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുമെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് കുടുംബം മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

