ബി.ജെ.പി രാജ്യസഭ സീറ്റ് നിഷേധിച്ചെന്ന കോൺഗ്രസ് വിമർശനം തള്ളി ദേവഗൗഡ; മോദിയുമായുള്ളത് സീറ്റിനപ്പുറമുള്ള സൗഹൃദം
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധം ഒരു രാജ്യസഭ സീറ്റിൽ മാത്രം ഒതുങ്ങുന്നതോ അതുമായി ബന്ധപ്പെട്ടുകിടക്കുന്നതോ അല്ലെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്യപ്പെടാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കവെ വ്യക്തമാക്കി.
ജനതാദൾ എസ് എൻ.ഡി.എയുടെ ഭാഗമായിരുന്നിട്ടും ദേവഗൗഡക്ക് ബി.ജെ.പി രാജ്യസഭ സീറ്റ് നൽകാത്തതിൽ കോൺഗ്രസ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗൗഡയുടെ പ്രതികരണം.
ജൂൺ 25-ഓടെ ദേവഗൗഡയുടെ രാജ്യസഭ കാലാവധി അവസാനിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ സജീവ പാർലമെന്ററി കരിയറിനും താൽക്കാലിക വിരാമമാകും. എന്നാൽ, സീറ്റ് ലഭിക്കാത്തതുകൊണ്ട് മോദിയുമായുള്ള തന്റെ വ്യക്തിബന്ധം അവസാനിക്കില്ലെന്ന് ഗൗഡ കൂട്ടിച്ചേർത്തു.
‘12 വർഷം മുമ്പ് പ്രധാനമന്ത്രിയായത് മുതൽ മോദിയുമായി നല്ല ബന്ധമാണുള്ളത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗോധ്ര വിഷയത്തിൽ ഞാൻ അദ്ദേഹത്തെ ശക്തമായി വിമർശിച്ചിട്ടുമുണ്ട്.’- അദ്ദേഹം പറഞ്ഞു.
വീണ്ടും മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. തനിക്ക് വീണ്ടും രാജ്യസഭയിലേക്ക് വരാൻ താൽപര്യമുണ്ടായിരുന്നെങ്കിൽ ഡൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കണ്ട് സംസാരിക്കാമായിരുന്നു. 1960ൽ താലൂക്ക് ഡെവലപ്‌മെന്റ് ബോർഡിൽനിന്നാണ് തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കർണാടയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭ അംഗങ്ങളിൽ നിയമസഭ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന് മൂന്ന് പേരെ വിജയിപ്പിക്കാനാവും. എൻ.ഡി.എക്ക് ഒരാളെ തെരഞ്ഞെടുക്കാനുള്ള അംഗബലമേയുള്ളൂ. ജൂൺ 18നാണ് വോട്ടെടുപ്പ്.
കോൺഗ്രസ് പിന്തുണയോടെയാണ് 2020 ജൂൺ 26ന് ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡ എന്ന എച്ച്.ഡി. ദേവഗൗഡ രാജ്യസഭയിലെത്തിയത്. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏക മുൻ പ്രധാനമന്ത്രിയായ ദേവഗൗഡയുടെ രാജ്യസഭ അംഗത്വ കാലാവധി ഈ മാസം 25ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

