അദാനിയുടെ കടലാസ് കമ്പനിയിൽ 20,000 കോടി നിക്ഷേപിച്ചതാര്; ചോദ്യം ചോദിക്കുന്നത് നിർത്തില്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഗൗതം അദാനിയെ കുറിച്ച് ഒരു ചോദ്യം മാത്രമേ താൻ പാർലമെന്റിൽ ഉന്നയിച്ചിട്ടുള്ളുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് വീണ്ടും അദാനി-മോദി ബന്ധത്തെ കുറിച്ച് രാഹുൽ പ്രസ്താവന നടത്തിയത്. അദാനിയുടെ കടലാസ് കമ്പനികളിൽ ആരാണ് 20,000 കോടി നിക്ഷേപിച്ചതെന്നാണ് ചോദിച്ചത്. ഒരു തരത്തിലുമുള്ള ഭീഷണികളെ താൻ ഭയക്കുന്നില്ല. അയോഗ്യതയേയും ജയിലിനേയും ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുസംബന്ധിച്ച് പാർലമെന്റിലെ തന്റെ പ്രസംഗം ഒഴിവാക്കി. പിന്നീട് ഇക്കാര്യത്തിൽ സ്പീക്കർക്ക് വിശദമായ മറുപടിയും നൽകി. ചിലർ എന്നെക്കുറിച്ച് നുണപറഞ്ഞു. എനിക്ക് വിദേശസഹായം ലഭിക്കുന്നുണ്ടെന്ന് വരെ പറഞ്ഞു. പക്ഷേ ഞാൻ ചോദ്യം ചോദിക്കുന്നത് നിർത്തില്ല. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുൽ പറഞ്ഞു.
നേരത്തെ അദാനിയെ സംബന്ധിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ കടലാസ് കമ്പനികളെ കുറിച്ച് പരാമർശമുണ്ടായിരുന്നു. കമ്പനികളിലെ നിക്ഷേപവും റിപ്പോർട്ട് പരാമർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

