‘മേരാ നാം മുഹമ്മദ് ദീപക്...’; ബജ്റങ് ദളുകാരെ നേരിട്ട യുവാവിനെതിരെ കൊലവിളിയുമായി ഹിന്ദുത്വ സംഘങ്ങൾ; കേസുമായി പൊലീസും; ദീപക് രാജ്യത്തിന്റെ ഹീറോയെന്ന് രാഹുൽ ഗാന്ധി
text_fields1 ദീപക് കുമാർ
റായ്പൂർ: ഉത്തരഖണ്ഡിൽ മുസ്‍ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്റങ്ദൾ പ്രവർത്തകരെ ധീരതയോടെ നേരിട്ട യുവാവിനെ വേട്ടയാടി പൊലീസും ഹിന്ദുത്വരും. ദേശീയ മാധ്യമങ്ങൾ മുതൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വരെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയ ദീപക് കുമാറിന്റെ വീട് വളഞ്ഞും, അദ്ദേഹം നടത്തുന്ന ജിംനേഷ്യത്തിനു മുന്നിലെത്തി കൊലവിളി നടത്തി ബജ്റങ്ദൾ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ, കേസ് ചുമത്തിയാണ് പൊലീസ് നടപടി.
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച ജനുവരി 26നായിരുന്നു ഉത്തരാഖണ്ഡിലെ പൗരി ഗാർവാളിലെ 70കാരനായ വ്യാപാരി വകീൽ അഹമ്മദിന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഒരു സംഘം ബജ്റങ് ദൾ പ്രവർത്തകർ ഭീഷണിയുമായി കടന്നെത്തിയത്. ‘ബാബ സ്കൂൾ ഡ്രസ്’ എന്ന വകീൽ അഹമ്മദിന്റെ കടയുടെ പേര് മാറ്റണമെന്നായിരുന്നു ആവശ്യം. ‘ബാബ’ എന്നത് ഹിന്ദു നാമമാണെന്നും ഇത് മുസ്‍ലിം സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നുാമയിരുന്നു ഇവരുടെ വാദം. ഭയപ്പാടോടെ, കടയുടമയും മകനും നിൽക്കുന്നതിനിടെയാണ് തൊട്ടടുത്ത കടയിലെ സുഹൃത്തിനെ സന്ദർശിക്കാനെത്തിയ ദീപക് കുമാർ തർക്കത്തിൽ ഇടപെടുന്നത്. എല്ലാവരും ഉപയോഗിക്കുന്ന ‘ബാബ’ എന്ന പേര് എന്തുകൊണ്ട് അഹമ്മദിന്റെ കടക്ക് നൽകിക്കൂടെന്നായി ദീപക്. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര് എന്തിന് മാറ്റണമെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരമില്ലാതായ ബജ്റങ്ദൾ പ്രവർത്തകർ പേര് ചോദിച്ചുകൊണ്ട് ദീപകിനെതിരെ തിരിഞ്ഞു. ‘ഏന്റെ പേര് മുഹമ്മദ് ദീപക്..’ എന്നായി മറുപടി. ഏതാനും പേർ ചേർന്ന് ദീപകിനെ നേരിടാൻ ശ്രമിച്ചപ്പോൾ, അദ്ദേഹവും ചെറുത്തു നിന്നു. കടക്ക് പുറത്ത് ഉന്തു തള്ളുമായപ്പോൾ, കുറച്ചു പേർ ദീപക്കിനൊപ്പവും ചേർന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന ഹാഷ് ടാഗുമായി ദീപകിന് പിന്തുണയുമായെത്തിയത്. അതേസമയം, ഭീഷണിയും കൊലവിളിയും മറുപക്ഷത്തു നിന്നും ഉയരുകയും ചെയ്തു.
ദീപകിന്റെ വീട് വളഞ്ഞ് കൊലവിളി
ജനുവരി അവസാന വാരം നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞതോടെ ബ്ജറങ് ദൾ പ്രവർത്തകർ കൂട്ടം ചേർന്ന് ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി രംഗത്തെത്തുകയായിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ പേജുകൾ കൊലവിളിയും ഉയർത്തി.
ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നും സംഘടിച്ചെത്തിയ ബജ്റങ്ദൾ പ്രവർത്തർ ദീപകിന്റെ വീടിനു മുന്നിലും ജിംനേഷ്യം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കി.
ദീപക് ഒളിച്ചോടിയെന്നും, ധൈര്യമുണ്ടെങ്കിൽ പുറത്തിറങ്ങി തങ്ങളെ നേരീടൂവെന്നുമായി വെല്ലുവിളികൾ.
‘മുഹമ്മദ് ദീപക് എന്ന് പേരുവിളിച്ചവൻ ജിംനേഷ്യവും പൂട്ടി ഒളിച്ചോടി. ധൈര്യമുണ്ടെങ്കിൽ പുറത്തിറങ്ങൂ.
നിരായുധരായ ബജ്‌റങ്ദൾ പ്രവർത്തകരെ അയാൾ ഓടിച്ചു. ഞങ്ങൾ ഇപ്പോൾ നിങ്ങളുടെ നാട്ടിലുണ്ട്. എന്നിട്ടും അയാൾ ഓടിപ്പോയി. മുസ്‍ലിംകളെ സ്നേഹിക്കുന്നുവെങ്കിൽ, ഒരു തൊപ്പി ധരിച്ച് മുസ്‍ലിമായികോളൂ...’ - വീടിനു മുന്നിലെത്തിയ ബജ്റങ് ദൾ പ്രവർത്തർ ഭീഷണിപ്പെടുത്തി.
കടയുടമയെ ഭീഷണിപ്പെടുത്തിയതിനും ദീപക് കുമാറിന്റെ വീടിനു മുന്നിൽ സംഘടിച്ച് ഭീഷണി പ്പെടുത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. 40ഓളം ബജ്റങ്ദളുകാർക്കെതിരെയാണ് പൊലീസ് കേസ് ചുമത്തിയത്.
ദീപക് രാജ്യത്തിന്റെ ഹീറോ -രാഹുൽ ഗാന്ധി
ദീപകിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചത്. ഉത്തരഖണ്ഡിലെ ദീപക് ഇന്ത്യയുടെ ഹീറോ ആണെന്ന് രാഹുൽ കുറിച്ചു.
‘ബി.ജെ.പിയും സംഘപരിവാറും ദിവസവും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന ഭരണഘടനക്കും, മനുഷ്യത്വത്തിനും വേണ്ടിയാണ് ദീപക് പോരാടിയത്. വെറുപ്പിന്റെ വിപണിയിലെ സ്നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം.
സംഘപരിവാർ മനഃപൂർവ്വം രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ വിഷം പടർത്തി ഇന്ത്യയെ വിഭജിക്കുകയാണ്.
സാധാരണ പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ പരസ്യമായി പിന്തുണയ്ക്കുന്നു.
വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തിൽ ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ല. സമാധാനമില്ലാത്ത വികസനം വെറും മുദ്രാവാക്യം മാത്രമാണ്.
നമുക്ക് കൂടുതൽ ദീപക്കുമാരെ ആവശ്യമുണ്ട്. സഹോദരാ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. നിങ്ങൾ ശക്തനാണ്’ -രാഹുൽ ‘എക്സ്’ പേജിൽ കുറിച്ചു.
‘ഞാൻ ഒരു ഹിന്ദുവല്ല, ഞാൻ ഒരു മുസ്ലീമല്ല, ഞാൻ ഒരു സിഖുകാരനും ക്രിസ്ത്യാനിയുമല്ല. ഒന്നാമതായി, ഞാൻ ഒരു മനുഷ്യനാണ്. കാരണം, മരിച്ചതിനുശേഷം, ഒരു മതത്തോടും അല്ല, ദൈവത്തോടും മനുഷ്യത്വത്തോടുമാണ് എനിക്ക് ഉത്തരം പറയേണ്ടിവരുന്നത്’ -തന്റെ ഇൻസ്റ്റ പേജിൽ പങ്കുച്ചെ വീഡിയോയിലൂടെ ദീപക് കുമാർ വിദ്വേഷ ശക്തികളോടായി പറഞ്ഞു.
‘നമ്മുടെ രാജ്യത്തിന് വേണ്ടത് വെറുപ്പല്ല, സ്നേഹവും കരുതലുമാണ്. നിങ്ങൾക്ക് എത്ര വെറുപ്പ് വേണമെങ്കിലും പ്രചരിപ്പിക്കാം. അത് തടയാനാവില്ല. പക്ഷേ സ്നേഹം പ്രചരിപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്’
ദീപകിനെതിരെയും കേസ്
അതേസമയം, ബജ്റങ്ദൾ, വി.എച്ച്.പി പ്രവർത്തകരുടെ പരാതിയിൽ ദീപക് കുമാറിനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിയെരും പൊലീസ് കേസെടുത്തു. പ്രവർത്തകരെ ആക്രമിച്ചു, കാലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
എന്നാൽ, പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധവുമുയർന്നു. കാലപം നടത്താൻ ലക്ഷ്യമിട്ടെത്തിയ ഹിന്ദുത്വ സംഘങ്ങളെ തടഞ്ഞ് മാതൃകയായി രണ്ടു യുവാക്കളെ അഭിനന്ദിക്കുന്നതിനു പകരം കേസ് ചുമത്തി കുറ്റവാളികാളാക്കുന്നത് അന്യായമാണെന്നും, വെറുപ്പിനെതിരെ പോരാടുന്നവരുടെ പ്രതീകമാണ് ഇരുവരുമെന്നും കോൺഗ്രസ് നേതാവ് രുചിറ ചുതുർവേദി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

