‘എന്‍റെ ഭൂമി, എന്‍റെ ക്ഷേത്രം, ഞാൻ എന്തിന് പൊലീസിനെ അറിയിക്കണം?’ -വെങ്കിടേശ്വര സ്വാമിക്ഷേത്രത്തിലെ അപകടത്തിൽ പുരോഹിതൻ
text_fieldsകടപ്പാട് എൻ.ഡി.ടി.വി
കാശിബുഗ്ഗ: ആന്ധ്രപ്രദേശിലെ കാശിബുഗ്ഗയിലെ ശ്രി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ഒൻപത് പേർ മരിച്ച സംഭവത്തിൽ തനിക്കെതിരെ എത്ര കേസെടുത്താലും കുഴപ്പമില്ലെന്ന് പുരോഹിതൻ മുകുന്ദ പാണ്ഡെ. ‘എന്‍റെ സ്വകാര്യ ഭൂമിയിലാണ് ക്ഷേത്രം പണിതത്. ഞാൻ എന്തിന് പൊലീസിനെയും ഭരണകൂടത്തെയും അറിയിക്കണം..? ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്താലും തനിക്കൊന്നുമില്ല’ -പാണ്ഡെ എൻ.ഡി.ടി.വിയോട് പറഞ്ഞു.
94 വയസുളള മുകുന്ദ പാണ്ഡെ നാല് മാസങ്ങൾക്ക് മുമ്പാണ് ശ്രീകാകുളത്ത് ശ്രി വെങ്കിടേശ്വര സ്വാമി ക്ഷേത്രം നിർമിച്ചത്. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്‍റെ മാതൃകയിലാണ് ഇത് നിർമിച്ചത്. ഇതിന്‍റെ നിർമാണം പൂർത്തിയായിരുന്നില്ല. ഏകാദശി ഉൽസവത്തെക്കുറിച്ച് തദ്ദേഭരണകൂടത്തിനെ അറിയിച്ചിരുന്നില്ലെന്നും പൊലിസിനെ നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സുരക്ഷ ക്രമീകരണങ്ങൾ നടത്താമായിരുന്നെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്നലെ പറഞ്ഞിരുന്നു.
സംഭവത്തിൽ ക്ഷേത്രം ഭാരവാഹികളെ കുറ്റപ്പെടുത്തുകയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ക്ഷേത്രത്തിൽ സാധാരണയായി തിരക്കുകൾ കുറവാണെന്നും ഏകാദേശി ദിനത്തിൽ ഇത്രയും ജനക്കൂട്ടത്തെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്ഷേത്രപൂജാരി പറഞ്ഞു.
കാർത്തിക മാസത്തിലെ ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് തിക്കിലും തിരക്കിലുംപെട്ടത്. ഒരു കുട്ടിയടക്കം ഒമ്പത് സ്ത്രീകളാണ് മരിച്ചത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് ശേഷം ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാനും പുറത്തേക്ക് ഇറങ്ങുവാനുമായി ഒറ്റ വഴി മാത്രമേ ഉണ്ടായിരുന്നുവെന്നുള്ളത് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

