തന്‍റെ സ്വപ്നങ്ങളും ആത്മാഭിമാനവും വീടും പിച്ചിചീന്തപ്പെട്ടു; ബ്രിഹാൻ മുംബൈ കോർപറേഷനെതിരെ വീണ്ടും കങ്കണ
text_fieldsമുംബൈ: തന്‍റെ ഒാഫീസിനുള്ളിലെ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കിയ ബ്രിഹാൻ മുംബൈ കോർപറേഷന്‍ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്‍റെ സ്വപ്നങ്ങളും ആത്മാവും ആത്മാഭിമാനവും ഭാവിയും വീടും പിച്ചിചീന്തപ്പെട്ടെന്ന് കങ്കണ ട്വീറ്റ് ചെയ്തു. പൊളിച്ചു നീക്കിയ കെട്ടിടാവിഷ്ടങ്ങളുടെ ചിത്രങ്ങളും താരം ട്വിറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ മുമ്പും കങ്കണ രൂക്ഷ വിമർശനം നടത്തിയിരുന്നു. വിമർശനത്തിൽ ഉടനീളം മുഖ്യമന്ത്രിയെ നീ എന്ന് കങ്കണ സംബോധന ചെയ്തത് വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.
'ഉദ്ധവ് താക്കറെ എന്താണ് കരുതിയത്? ഫിലിം മാഫിയക്കൊപ്പം ചേര്‍ന്ന് എന്‍റെ വീട് പൊളിച്ചു നീക്കി എന്നോട് പ്രതികാരം ചെയ്‌തെന്നോ? 'ഇന്ന് നീ എന്‍റെ വീട് പൊളിച്ചു. നാളെ നിന്‍റെ ധാര്‍ഷ്ട്യവും ഇതുപോലെ തകരും' -കങ്കണ പറഞ്ഞു.
ഓഫിസ് കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് സെപ്റ്റംബർ ഒമ്പതിനാണ് ബി.എം.സി കങ്കണയുടെ ഓഫിസ് പൊളിച്ചു തുടങ്ങിയത്. ബാന്ദ്രയിലെ പാലി ഹില്ലിൽ താമസ സ്ഥലമെന്ന് പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തിൽ അനധികൃതമായി നിർമാണം നടത്തിയെന്നായിരുന്നു ബി.എം.സിയുടെ ആരോപണം.
ഓഫിസിന് മുന്നിൽ നോട്ടീസ് പതിച്ചതിനു ശേഷം കെട്ടിടത്തിന്‍റെ ഒരുഭാഗം പൊളിച്ചു നീക്കുകയായിരുന്നു. കങ്കണ നൽകിയ ഹരജിയെ തുടർന്ന് മുംബൈ ഹൈകോടതി കെട്ടിടം പൊളിക്കൽ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.