എന്റെ രക്തം തമിഴ് മണ്ണിൽ അലിഞ്ഞിട്ടുണ്ട്, ഞാനും തമിഴനാണ്; വികാരാധീനനായി രാഹുൽ ഗാന്ധി
text_fields'എന്റെ രക്തം ഈ തമിഴ് മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. അതിനാൽ ഞാനും തമിഴനാണ്. തമിഴ്‌നാട്ടിൽ വരുന്നത് എനിക്ക് എപ്പോഴും സന്തോഷമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പാർലമെന്റിൽ ഒരു പ്രസംഗം നടത്തി. അത് തമിഴ്‌നാട്ടിൽ ഏറെ പ്രശംസിക്കപ്പെട്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ പാർലമെന്റിൽ നിന്ന് പുറത്തുപോകുമ്പോൾ ഒരു പത്രപ്രവർത്തകൻ എന്നോട് ചോദിച്ചു, 'നിങ്ങൾ ഈ പ്രസംഗത്തിൽ എന്തുകൊണ്ടാണ് നിങ്ങൾ തമിഴ്‌നാടിനെ പലതവണ പരാമർശിച്ചത്?. അപ്പോഴാണ് ഞാൻ തമിഴ്‌നാടിനെ പലതവണ പരാമർശിച്ചതായി എനിക്ക് മനസ്സിലായത്. ഞാൻ പുറത്തേക്ക് നടന്നു.
അത് അറിയാതെന്നെ എന്റെ വായിൽ വന്നതാണ്. കാരണം മറ്റൊന്നുമല്ല, 'ഞാനൊരു തമിഴനാണ്'. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥയായ 'ഉങ്കളിൽ ഒരുവൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് എത്തിയതായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീ പെരുംപുത്തൂരിൽ പരിപാടിയിൽ പങ്കെടുക്കവെ നടന്ന സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ഓർമകൾ മുൻനിർത്തിയാണ് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. കഴിഞ്ഞ ദിവസം പാർലമെന്റിലെ പ്രസംഗത്തിൽ ഫെഡറലിസത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സംസാരിക്കവെ സംസ്ഥാന വൈവിധ്യം സൂചിപ്പിക്കാൻ തമിഴ്നാടിനെ ഒന്നിലധികം തവണ ഉദ്ധരിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
'3000 വർഷം പഴക്കമുള്ള സംസ്‌കാരമാണ് തമിഴ്. തമിഴനാണെന്ന് എങ്ങനെ പറയും?. നിങ്ങൾ തമിഴനാണെന്ന് പറയാനുള്ള അവകാശം നിങ്ങൾക്ക് എങ്ങനെയാണ് ലഭിച്ചത്?. ഞാൻ എന്നോട് തന്നെ ചോദിച്ചു. "ഞാൻ വീട്ടിലേക്ക് പോകുമ്പോൾ കാറിൽ കുറച്ച് നേരം ഇതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഞാൻ ആ വാക്കുകൾ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി. കാരണം എന്റെ രക്തം നിങ്ങളുടെ മണ്ണിൽ കലർന്നിരിക്കുന്നു. അച്ഛനെ നഷ്ടമായത് എനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള അനുഭവം. എന്നാൽ ഞാൻ പഠിച്ച അനുഭവം കൂടിയാണ്. അതിനാൽ, എന്നെ തമിഴൻ എന്ന് വിളിക്കാൻ എനിക്ക് അവകാശമുണ്ടെന്ന് ഞാൻ മനസ്സിലാക്കി' - രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.
'ഉങ്കളിൽ ഒരുവൻ' എന്ന പുസ്തകം രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. മാർച്ച് ഒന്നിന് 69 വയസ്സ് തികഞ്ഞ സ്റ്റാലിൻ, താൻ എപ്പോഴും പൊതുജീവിതത്തിനായി സ്വയം സമർപ്പിച്ചിട്ടുണ്ടെന്നും എക്കാലവും അങ്ങനെ തന്നെ തുടരുമെന്നും പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

