മുസഫർനഗർ കലാപം: ബി.ജെ.പി നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാനൊരുങ്ങി യോഗി സർക്കാർ
text_fieldsലക്നോ: മുസഫർ കലാപത്തിന് വഴിതെളിച്ച വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 3 ബി.ജെ.പി എം.എൽ.എമാർക്കെതിരായ കേസും പിൻവലിക്കും.
മുസഫർ നഗറിലെ നഗ്ല മന്ദേർ ഗ്രാമത്തിലെ മഹാപഞ്ചായത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് മൂന്ന് ബി.ജെ.പി എം.എൽ.എമാർക്കെതിരെ കേസ് ചുമത്തിയിരുന്നു. സംഗീത് സോം, സുരേഷ് റാന, കപിൽ ദേവ് എന്നീ എം.എൽ.എമാർക്കും ഹിന്ദു നേതാവ് സാധ്വി പ്രാചിക്കെതിരെയുമാണ് കേസ് ചുമത്തപ്പെട്ടിട്ടുള്ളത്.
2013 സെപ്റ്റംബറിലാണ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിന് തുടർന്ന് ജാട്ട് സമുദായം മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയിരുന്നു. തുടർന്ന് നടന്ന കലാപങ്ങളിൽ 65ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുക്കയും 40,000പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
നേതാക്കൾ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുത്തില്ല എന്നാണ് സർക്കാർ അഭിഭാഷകൻ നൽകുന്ന വിശദീകരണം.
മഹാപഞ്ചായത്തിനിടക്ക് അക്രമത്തിന് പ്രേരിപ്പിക്കും വിധം പ്രസംഗിച്ചതിനായിരുന്നു ബി.ജെ.പി നേതാക്കൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസ് എടുത്തത്. നേരത്തേ ബി.ജെ.പി എം.പി സഞ്ജീവ് ബൽയാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രി യോഗിയെ കണ്ട് കലാപത്തിൽ ഹിന്ദുക്കളുമായി ബന്ധപ്പെട്ടുള്ളുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

