കലാപ ഇരകളെ തിരിച്ചെത്തിച്ച് ജാട്ട് നേതാവിെൻറ പ്രായശ്ചിത്തം
text_fieldsമുസഫർനഗർ: ആരെന്തൊക്കെ പറഞ്ഞാലും സഞ്ജീവ് ബാലിയാൻ ഉറച്ചതീരുമാനത്തിലാണ്. വർഗീയ വിഷം ചീറ്റി തെൻറ ഗ്രാമക്കാർ ആട്ടിയോടിച്ച മുസ്ലിം കുടുംബങ്ങളെ തിരികെയെത്തിച്ച് സ്വന്തം മണ്ണിൽ കുടിയിരുത്തണം. അങ്ങനെ തെൻറയും നാടിെൻറയും പേരിനു ദേശവ്യാപകമായി വന്നുപെട്ട ദോഷം തീർക്കണം. വർഗീയകാപാലികർ ഭീഷണിയുമായി മുന്നിലും പിന്നിലുമുണ്ടെന്ന് അറിഞ്ഞിട്ടും ഇൗ ഉദ്യമത്തിൽനിന്ന് പിൻവാങ്ങാൻ അദ്ദേഹം തയാറല്ല. അങ്ങനെ കലാപഭൂമിയായി അറിയപ്പെട്ട ഉത്തർപ്രദേശിലെ മുസഫർനഗറിെൻറ കഥ മാറ്റിയെഴുതുമെന്ന വാശിയിലാണ് ഇൗ മുൻ പഞ്ചായത്ത് പ്രസിഡൻറ്.
ഇത് സഞ്ജീവ് ബാലിയാൻ. മുസഫർനഗറിൽ കലാപകാരികൾക്കൊപ്പംനിന്ന് കുപ്രസിദ്ധി നേടിയ എം.പി സഞ്ജീവ് ബാലിയാനിെൻറ അപരൻ. സാമ്യം പക്ഷേ, പേരിലേയുള്ളൂ. രണ്ടും രണ്ടു തരക്കാർ. കലാപം കത്തിയാളുേമ്പാൾ ദുലേഡ ഗ്രാമത്തിലെ 400 മുസ്ലിംകൾക്ക് ജാട്ട് വീടുകളിൽ അഭയം നൽകി, അയൽപ്രദേശത്തെ മുസ്ലിം ഗല്ലിയിൽ സുരക്ഷിതമായി എത്തിക്കാൻ ഒാടിനടക്കുകയായിരുന്നു ഗ്രാമപ്രധാൻ സഞ്ജീവ് ബാലിയാൻ. അതുകൊണ്ട് ആളെ മാറാതിരിക്കാൻ നാട്ടുകാർ പേരൊന്നു മാറ്റിവിളിച്ചു- സഞ്ജീവ് പ്രധാൻ.

അഞ്ചു കൊല്ലം മുമ്പ് ദുലേഡയിൽനിന്നു വർഗീയ കലാപം കാരണം നാടുവിട്ട ഒാരോരുത്തരെയും തിരികെയെത്തിക്കുന്ന ജോലിയിൽ വ്യാപൃതനാണ് ഇന്ന് അദ്ദേഹം. ദുലേഡയിൽനിന്നു കുടിയിറക്കപ്പെട്ട 65ൽ 37 കുടുംബങ്ങളെ തിരികെയെത്തിച്ചുകഴിഞ്ഞു. ദുലേഡയിൽ ജാട്ടുകൾക്കാണ് ഭൂരിപക്ഷം. കൃഷിഭൂമി അവരുടെ കൈയിലാണ്. അവിടെ പണിയെടുക്കുന്നതും തൊഴിലുപകരണങ്ങൾ നിർമിക്കുന്നതും കൃഷിപരിപാലനത്തിനും വീടുനിർമാണത്തിനുമൊക്കെയുള്ള കരാർ പണിയെടുപ്പിക്കുന്നതും മുസ്ലിംകൾ. അവരെ ആട്ടിയോടിച്ചതോടെ ഗ്രാമത്തിെൻറ നടുവൊടിഞ്ഞു. അതുകൊണ്ട് ഉടഞ്ഞുപോയ സമുദായബന്ധം വിളക്കിച്ചേർക്കാനിറങ്ങിയ സഞ്ജീവിന് നാട്ടുകാരിൽ മിക്കവരുടെയും സഹായം ലഭിച്ചു.
നാലു വർഷത്തിനുശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ 56കാരനായ ഇഖ്ബാലിനും വീട്ടമ്മമാരായ ഖാതൂൻ ബാനുവിനും അഫ്സാന ബീഗത്തിനുമൊക്കെ സന്തോഷത്തോടെ ഒന്നേ പറയാനുള്ളൂ: സുഖദുഃഖങ്ങൾ ഒന്നിച്ചുണ്ടിരുന്ന ആ പഴയ കാലത്തിലേക്ക് തിരിച്ചുപോകണം. ജാട്ടുകൾക്ക് തങ്ങളെയും തിരിച്ചും മറക്കാൻ കഴിയില്ല. കൂട്ടുകാരായ സേത് സിങ്ങിെൻറയും സത്യവീറിെൻറയും മറ്റു സുഹൃത്തുക്കളുടെയും കൂടെ കലാപകാരികളിൽനിന്ന് എങ്ങനെയാണ് സഞ്ജീവ് തങ്ങളെ കാത്തതെന്ന് അവർ നന്ദിപൂർവം ഒാർക്കുന്നു.

പ്രദേശത്തെ പള്ളി സംരക്ഷിച്ചതും അദ്ദേഹമാണ്. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒറ്റുകാരനെന്ന് പ്രചരിപ്പിച്ച് കലാപകാരികൾ വേട്ടയാടി തോൽപിച്ചു. ഇതൊന്നും തന്നെ പിന്തിരിപ്പിച്ചില്ലെന്ന് സഞ്ജീവ്. ‘‘കലാപം നടക്കേണ്ടിയിരുന്നത് ചിലയാളുകളുടെ മാത്രം ആവശ്യമായിരുന്നു. അവർ നേട്ടം കൊയ്യുകയും ചെയ്തു’’ -അദ്ദേഹം പറയുന്നു. മടങ്ങിവന്നവർക്ക് ഉപജീവനത്തിനായി കാലികളെയും നൽകുന്നുണ്ട്. ബാക്കിയുള്ളവരെക്കൂടി തിരിച്ചെത്തിക്കാനുള്ള പ്രയത്നത്തിലാണിപ്പോൾ സഞ്ജീവും കൂട്ടുകാരും.
2013 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുസഫർനഗറിൽ നടന്ന കലാപത്തിൽ 72 പേർ കൊല്ലപ്പെടുകയും 12 സ്ത്രീകൾ ബലാത്സംഗത്തിനിരയാകുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
