ഭർത്താവിനെ കൊന്ന് കാമുകന്‍റെ മുഖത്ത് ആസിഡൊഴിച്ച സംഭവത്തിൽ വില്ലനായത് മട്ടൻസൂപ്പ്
text_fieldsഹൈദരാബാദ്: വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകം പാളിപ്പോയത് മട്ടൻ സൂപ്പിൽ. തെലങ്കാനയിൽ ഭർത്താവിനെ കൊന്ന് കാമുകന്‍റെ മുഖത്ത് ആസിഡൊഴിച്ച് ആൾമാറാട്ടം നടത്തിയ കഥയിലാണ് അപ്രതീക്ഷിതമായി മട്ടൻസൂപ്പ് വില്ലനായത്. നാഗർകർണൂലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്ന സ്വാതിയാണ് കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കാമുകന് രൂപമാറ്റം വരുത്താൻ ശ്രമിക്കവെ പിടിയിലായത്.
ഭർത്താവായ സുധാകർ റെഡ്ഢിയെ കൊല്ലാനും അയാളുടെ സ്വത്തുക്കൾ കൈക്കലാനുമുള്ള പദ്ധതി സ്വാതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് കാമുകനായ രാജേഷിനൊപ്പമാണ്. മൂന്ന് വർഷം മുൻപ് സുധാകർ റെഡ്ഢിയെ വിവാഹം ചെയ്ത സ്വാതിക്ക് രണ്ടു മക്കളുണ്ട്. അനസ്തേഷ്യ നൽകി അബോധാവസ്ഥയിലാക്കി തലക്കടിച്ച് കൊന്ന ശേഷം സ്വാതിയും കാമുകൻ രാജേഷും ചേർന്ന് സുധാകർ റെഡ്ഡിയെ വനത്തിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.
പിന്നീട് രാജേഷിന്‍റെ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കിയ സ്വാതി സുധാകറിന് പരിക്കേറ്റുവെന്ന് ബന്ധുക്കളെ അറിയിച്ചു. രാജേഷിന്‍റെ മുഖം പ്ളാസ്റ്റിക് സർജറി നടത്തി സുധാകർ റെഡ്ഢിയുടെ രൂപമാക്കി മാറ്റി എല്ലാവരേയും കബളിപ്പിക്കാനായിരുന്നു ഇവരുടെ പദ്ധതി. നവംബർ 27നാണ് കൊലപാതകം നടന്നത്. കുറേ നാൾ ഭർത്താവിന്‍റെ ബന്ധുക്കളിൽ നിന്നും മറച്ചുപിടിക്കുന്നതിൽ ഇവർ വിജയിക്കുകയും ചെയ്തു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാജേഷ്, സുധാകർ റെഡ്ഢിയായി അഭിനയിച്ച് വരവെയാണ് വില്ലനായി മട്ടൻ സൂപ്പെത്തിയത്. പൊളളലേറ്റവർക്ക് ആശുപത്രിയിൽ സ്ഥിരമായി നൽകിവരുന്ന മട്ടൻസൂപ്പ് കഴിക്കാൻ രാജേഷ് തയാറായില്ല. താനൊരു സസ്യാഹാരിയാണെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞത് സുധാകറിന്‍റെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. സുധാകർ റെഡ്ഢി മാംസാഹാരിയായിരുന്നു. പിന്നീടാണ് സുധാകറുമായി സാമ്യമില്ലാത്ത രാജേഷിന്‍റെ പെരുമാറ്റ രീതികൾ കുടുംബാംഗങ്ങൾ ശ്രദ്ധിക്കാൻ ആരംഭിച്ചത്.
കുടുംബാംഗങ്ങൾ ചില ബന്ധുക്കളെ തിരിച്ചറിയാൻ ആവശ്യപ്പെട്ടപ്പോൾ സംസാരശേഷി നഷ്ടപ്പെട്ടതായി അഭനയിക്കുകയായിരുന്നു രാജേഷ്. ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ചോദ്യം ചെയ്ത പൊലീസിനോട് സ്വാതി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. ഞായറാഴ്ചയാണ് സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2014ൽ ഇറങ്ങിയ തെലുഗു സിനിമയായിരുന്നു കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്വാതിയുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
