ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്ന് ബി.ജെ.പി എം.പി വിനയ് കത്യാർ. എ.എൻ.ഐ ന്യൂസ് എജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന എം.പിയുടെ അഭിപ്രായ പ്രകടനം. മുസ്ലിംകൾ ഇന്ത്യയിൽ താമസിക്കാൻ പാടില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അവർ രാജ്യം വിഭജിച്ചു. അപ്പോൾ മുസ്ലിംകൾ ഇന്ത്യയിൽ താമസിക്കുന്നതിന്റെ ആവശ്യം എന്താണ് ? അവർക്ക് അവരുടേതായ രാജ്യം നൽകിയിട്ടുണ്ട്. അവർ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോകണം- വിനയ് കത്യാർ വ്യക്തമാക്കി.
വന്ദേ മാതരം ഗീതത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയും അപമാനിക്കുന്നവരെയും ശിക്ഷിക്കാൻ ഒരു ബിൽ നിർമിക്കണമെന്നും ബി.ജെ.പി എംപി ആവശ്യപ്പെട്ടു. ഇന്ത്യൻ മുസ്ലിംകളെ പാകിസ്താനി എന്നു വിളിക്കുന്നവർക്കെതിരെ നിയമം കൊണ്ടു വരണമെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി വ്യക്തമാക്കിയതിന് പിന്നാലെയാണ് ബി.ജെ.പി എം.പിയുടെ പ്രതികരണം. താജ്മഹൽ ഉടൻ തന്നെ "തേജ് മന്ദിർ" ആക്കുമെന്ന് കത്യാർ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു.