വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകൾക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്; ഞെട്ടിക്കുന്ന ദൃശ്യം VIDEO
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന മുസ്‌ലിംകൾക്കുനേരെ തോക്ക് ചൂണ്ടി തിരികെ പോകാനാവശ്യപ്പെട്ട് പൊലീസ്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നു.
‘നിങ്ങൾക്ക് വെടിവെക്കാനാകില്ല’ എന്ന് മുസ്‌ലിം സ്ത്രീ തോക്ക് ചൂണ്ടുന്ന പൊലീസുകാരനോട് പറയുമ്പോൾ, ‘ഞങ്ങൾക്ക് ഉത്തരവുണ്ട്’ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാരൻ അടുത്തേക്ക് നടക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. കക്രൗലി സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് ശർമ്മയാണ് ഈ പൊലീസുകാരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
വ്യാപക വിമർശനം
ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. മുസ്‌ലിംകളെയും യാദവരെയും ലക്ഷ്യമിട്ട് തടയുകയായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരെ ഉത്തർ പ്രദേശ് പൊലീസ് അനാവശ്യമായി ഉപദ്രവിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി തേജ് പ്രതാപ് സിങ് യാദവ് പറഞ്ഞു. പല ബൂത്തുകളിലും വോട്ടെടുപ്പ് നിർത്തിവെച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലിം വോട്ടർമാരെ തടയാൻ പോളിങ് സ്റ്റേഷനുകളിലേക്കുള്ള വഴിയിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതായി മൊറാദാബാദിലെ കുന്ദർക്കിയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഹാജി റിസ്‌വാൻ പറഞ്ഞു. പൊലീസ് അനധികൃതമായി വോട്ടർമാരുടെ ആധാർ കാർഡുകൾ പരിശോധിച്ച് തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് തടയുകയാണെന്ന് ആൾ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) ആരോപിച്ചു. തങ്ങളെ അനുകൂലിക്കുന്നവരെ വോട്ട് ചെയ്യാൻ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് എ.ഐ.എം.ഐ.എം സ്ഥാനാർഥി അർഷാദ് റാണ ആരോപിച്ചു.
ഒടുവിൽ നടപടി
ഇതോടെ, തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തിട്ടുണ്ട്. കാൺപൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവർ ഉൾപ്പെടെ നിരവധി പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ കമീഷൻ ഉത്തരവിട്ടു. ആരോപണങ്ങളിൽ ഉൾപ്പെട്ട സബ് ഇൻസ്പെക്ടർമാരെ സസ്‌പെൻഡ് ചെയ്ത കാര്യം കാൺപൂർ പൊലീസ് പിന്നീട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

