പൗരത്വം തെളിയിക്കാൻ ബി.ജെ.പി ‘അംഗത്വ കാർഡ്’ വേണ്ടിവരുന്ന അവസ്ഥ ദുരന്തം - അഡ്വ. ഷിബു മീരാൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് പൗരനാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖ ബി.ജെ.പിയുടെ അംഗത്വ കാർഡ് ആയി മാറുന്ന അവസ്ഥ അങ്ങേയറ്റം ദുരന്തമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഷിബു മീരാൻ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൺമുന്നിൽ ഒരു വലിയ ദുരന്ത ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
കേന്ദ്ര സർക്കാരിന്റെയും വിവിധ ബിജെപി സംസ്ഥാന സർക്കാരുകളുടെയും സമീപകാല നടപടികളെ അക്കമിട്ട് നിരത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 18 വയസ്സ് തികഞ്ഞവർക്ക് ഇനി ആധാർ കാർഡ് നൽകില്ലെന്ന അസം ബി.ജെ.പി സർക്കാരിന്റെ നിലപാടും, പാസ്പോർട്ട് ഒരു പൗരത്വ രേഖയല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണവും പൗരന്മാരെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘ഒരു വശത്ത് വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കുകയാണ്. എന്നാൽ മറുഭാഗത്ത്, രൂപീകൃതമായി നൂറു വർഷം തികഞ്ഞിട്ടും ഒരു രജിസ്ട്രേഷൻ പോലുമില്ലാതെ ആർ.എസ്.എസ് ഇന്ത്യയുടെ ‘ഡീപ് സ്റ്റേറ്റ്’ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ സാധാരണക്കാരന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നതും ബി.ജെ.പിയുടെ അംഗത്വ കാർഡ് ഏറ്റവും ആധികാരിക രേഖയായി മാറുന്നതുമായ ദുരവസ്ഥയുണ്ടാകുന്നത്’- അഡ്വ. ഷിബു മീരാൻ വ്യക്തമാക്കി.
ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കർ മുൻപ് നൽകിയ താക്കീതുകളെ സ്മരിച്ചുകൊണ്ട്, ഇന്ത്യൻ ജനത ഭരണഘടനയുടെ വെളിച്ചത്തിൽ നിന്ന് ഏകാധിപത്യത്തിന്റെ ഇരുട്ടുമുറിയിലേക്കാണ് ഇപ്പോൾ നടന്നു കയറുന്നതെന്നും അദ്ദേഹം കുറിപ്പിൽ ആശങ്ക പ്രകടിപ്പിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
18 വയസ്സ് തികഞ്ഞവർക്കിനി ആധാർ കൊടുക്കില്ല എന്ന് അസം ബി ജെ പി സർക്കാർ..പാസ്പോർട്ട് ഒരു പൗരത്വ രേഖയല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള നിയന്ത്രണങ്ങൾ ഒരു ഭാഗത്തു കർശനമാക്കുന്നു...മറു ഭാഗത്ത് നൂറു വർഷം തികഞ്ഞിട്ടും ഒരു റെജിസ്ട്രേഷൻ പോലും ഇല്ലാതെ ആർ എസ് എസ് ഇന്ത്യയുടെ ഡീപ് സ്റ്റേറ്റ് ആയി പ്രവർത്തിക്കുന്നു.ഈ രാജ്യത്തെ പൗരനാണ് എന്ന് തെളിയിക്കാനുള്ള ആധികാരിക രേഖ ബി ജെ പി യുടെ അംഗത്വ കാർഡ് ആകുന്നത് ദുരന്തമാണ്..ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഒരു വലിയ ദുരന്ത ചിത്രമായി മാറുകയാണ്....ബാബ സാഹിബ് താക്കിതു നൽകിയ പോലെ ഭരണഘടനയുടെ വെളിച്ചത്തിൽ നിന്ന് നമ്മൾ നടന്നു കയറുന്നതു ഏകാധിപത്യത്തിന്റെ ഇരുട്ട് മുറിയിലേക്കാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

