തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര നീക്കം രണ്ടാം ഗാന്ധി വധത്തിനു തുല്യം -യൂത്ത് ലീഗ്
text_fieldsന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രണ്ടാം ഗാന്ധി വധത്തിനു തുല്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ദാരിദ്ര്യ നിർമാർജനത്തിലും ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും വിപ്ലവകരമായ പങ്ക് വഹിച്ച തൊഴിലുറപ്പ് പദ്ധതിയുടെ പേര് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (VB-G RAM G) എന്ന് മാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ ദേശീയ കമ്മിറ്റി ശക്തമായി അപലപിച്ചു.
ഗ്രാമ സ്വരാജ് എന്ന ഗാന്ധിയൻ സ്വപ്നത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് വേഗം നൽകിയ പദ്ധതിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് ഗ്രാമീണ ദരിദ്രർക്കെതിരായ ആസൂത്രിത ആക്രമണവും ഇന്ത്യയുടെ ഫെഡറൽ ഘടനക്കുള്ള മരണമണിയുമാണ്. നിർദിഷ്ട ബിൽ പദ്ധതിയുടെ ഫണ്ടിങ്ങിൽ കൊണ്ട് വരുന്ന മാറ്റം വിനാശകരമാണ്. 100 ശതമാനം കേന്ദ്ര ഫണ്ടിൽനിന്ന് 60:40 വിഭജനത്തിലേക്ക് മാറ്റുന്നതിലൂടെ, മോദി സർക്കാർ 50,000 കോടിയി രൂപയിലധികം വാർഷിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാറുകളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ അജണ്ട തുടരാനുള്ള ശ്രമമാണിത്. കടബാധ്യതയില്‍ മുങ്ങിക്കിടക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. പദ്ധതി തന്നെ ഇല്ലാതാകുന്നിടത്തതാണ് ഈ നീക്കം അവസാനിക്കുക.
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു പദ്ധതിയെ ഘടനാപരമായി ആട്ടിമറിച്ചു ദയാവധത്തിനു വിധേയമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. ഈ ബില്ല് പിൻവലിക്കുന്നത് വരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുന്നോട്ട് വരാൻ ജനാധിപത്യ ശക്തികളോടും സംസ്ഥാന സർക്കാറുകളോടും ഗ്രാമീണ തൊഴിലാളികളോടും അഭ്യർഥിക്കുന്നു. ഈ സമരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫ്‌ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

