ചെരുപ്പൂരി മുഖത്തടിച്ചു; ഓടുന്ന കാറിൽ മുസ്ലിം യുവാവിന് ക്രൂര മർദനം
text_fieldsഗ്വാളിയോർ: മധ്യപ്രദേശിലെ സിദ്ധിയിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ ഗ്വാളിയോറിൽ മുസ്ലിം യുവാവിനെക്കൊണ്ട് കാൽ നക്കിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഓടുന്ന വാഹനത്തിലാണ് ക്രൂരമർദനം നടന്നത്. കാൽ നക്കിച്ചതിനു പുറമെ, തുടർച്ചയായി മുഖത്തടിക്കുന്നതും മോശം വാക്കുകൾ പറഞ്ഞ് മർദിക്കുന്നതും കാണാം. മർദിച്ചയാളും മർദനമേറ്റയാളും ഗ്വാളിയോർ ജില്ലയിലെ ദബ്ര നഗരവാസികളാണെന്ന് അധികൃതർ പറഞ്ഞു.
മുഹമ്മദ് മുഹ്സിൻ ഖാനാണ് അതിക്രമത്തിന് ഇരയായത്. ഗോലു ഗുർജർ എന്നയാളും സുഹൃത്തുക്കളും ചേർന്ന് ക്രൂരമർദനം നടത്തുന്നതിന്റെ വിഡിയോ ‘ആൾട്ട് ന്യൂസ്’ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ‘ട്വിറ്ററി’ൽ പങ്കുവെച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വിഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചതായി പൊലീസ് അറിയിച്ചു. മർദനമേറ്റയാളുടെ കുടുംബത്തിന്റെ പരാതിയിൽ, തട്ടിക്കൊണ്ടുപോയി മർദിച്ചതിന് കേസെടുത്തിട്ടുണ്ട്. പഴയ തർക്കം പരിഹരിക്കാനെന്ന വ്യാജേനയാണ് അക്രമികൾ യുവാക്കളെ വാഹനത്തിൽ കയറ്റിയത്.
ദൃശ്യങ്ങളിൽ കാണുന്ന മുഹ്സിനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു എന്നാണ് റിപ്പോർട്ട്. യുവാവിനായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ എവിടെനിന്നാണ് അപ്ലോഡ് ചെയ്തതെന്ന് വ്യക്തമല്ല.

