ഉത്തർപ്രദേശിലേക്ക് പോകവേ ട്രെയിനിൽ മുസ്‍ലിം യുവാവിന് ആക്രമണം; ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചു
text_fieldsമുംബൈ: മുംബൈയിൽനിന്ന് ഉത്തർപ്രദേശിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ മുസ്‍ലിം യുവാവിന് നേരെ ആക്രമണം. തന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായി മർദ്ദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവാവ് ആരോപിച്ചു. സെപ്റ്റംബർ 18നാണ് സംഭവം നടന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നത്.
മുംബൈയിൽനിന്ന് യു.പിയിലേക്കുള്ള യാത്രാമധ്യേ ട്രെയിൻ കല്യാൺ സ്റ്റേഷൻ കഴിഞ്ഞയുടൻ ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയ തന്നെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. കഴുത്തിൽ കിടന്നിരുന്ന ചെയിൻ സ്വർണമാണെന്ന് തെറ്റിധരിച്ച് സംഘം അത് ഊരിനൽകാൻ ആവശ്യപ്പെട്ടു. ഇത് വ്യാജ ആഭരണമാണെന്ന് പറഞ്ഞെങ്കിലും അവർ കഴുത്തിൽനിന്ന് ബലമായി പിടിച്ചുപറിക്കുകയായിരുന്നു.
ചെയിൻ തിരികെ നൽകാൻ വിസമ്മതിച്ച അക്രമികൾ, തന്നെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും യുവാവ് ആരോപിച്ചു. തന്റെ ഷർട്ട് വലിച്ചുകീറി അത് ഉപയോഗിച്ചാണ് തന്നെ ബന്ധിയാക്കിയത്. അക്രമികൾ കൈയിൽ വാളുകൾ കരുതിയിരുന്നുവെന്ന് യുവാവ് അവകാശപ്പെടുന്നുണ്ടെങ്കിലും, ദൃശ്യങ്ങളിൽ മൂർച്ചയേറിയ ആയുധങ്ങൾ കാണുന്നില്ല. യാത്രക്കാരിൽ ആരെങ്കിലും ഇടപെടാൻ ശ്രമിച്ചാൽ ഭീഷണിപ്പെടുത്തുമെന്നും അക്രമികൾ മറാഠി ഭാഷയിൽ ആക്രോശിച്ചതായും അദ്ദേഹം പറഞ്ഞു.
തദ്ദേശീയ മാധ്യമങ്ങളോട് സംസാരിച്ച യുവാവ്, തനിക്ക് നേരെ ആക്രമണം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ചെന്നപ്പോൾ റെയിൽവേ പൊലീസ് അത് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

