ഹിജാബ് ധരിച്ച യുവതിക്ക് മുംബൈ ഡി-മാർട്ട് ഔട്ട്‌ലെറ്റിൽ വിലക്ക്, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; കേസ്, ഒടുവിൽ മാപ്പ്
text_fieldsമുംബൈ: റിട്ടെയിൽ ഔട്ട്‌ലെറ്റായ ഡി-മാർട്ടിൽ സാധനങ്ങൾ വാങ്ങാനെത്തിയ മുസ്‍ലിം യുവതിയെ അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ രാത്രി വൈകുംവരെ സ്റ്റേഷനിൽ നിൽപ്പിച്ചതായും ഇവർ ആരോപിച്ചു. ഒടുവിൽ സോഷ്യൽമീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് കേസെടുപ്പിച്ചത്.
മുംബൈ വിരാറിലെ യശ്വന്ത് നഗറിലുള്ള ഡി-മാർട്ട് ഔട്ട്‌ലെറ്റിലാണ് സംഭവം. ഹിജാബ് ധരിച്ചതിനാൽ തനിക്ക് പ്രവേശനം വിലക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നലസൊപാര വെസ്റ്റിൽ താമസിക്കുന്ന യുവതിയാണ് പരാതി ഉന്നയിച്ചത്. ഷോപ്പിങ് നടത്താനെത്തിയ തനിക്കെതിരെ കടയിലെ ജീവനക്കാർ വസ്ത്രധാരണത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും മുസ്‍ലിമായതിനാൽ മാറി നിൽക്കാൻ ആവശ്യപ്പെട്ടതായും അവർ ആരോപിച്ചു.
‘നീ മുസ്‍ലിമാണ്, പുറത്തുകടക്കൂ.. ഞങ്ങൾ നിന്നെ ബലാത്സംഗം ചെയ്യും’ -എന്ന് പറഞ്ഞുകൊണ്ട് സംഘം തന്നെ ഭീഷണിപ്പെടുത്തിയതായും ഇവർ വിഡിയോയിൽ പറഞ്ഞു. ഇതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവഗണിച്ചതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ രാത്രി 12.30 വരെ സ്റ്റേഷനിൽ കാത്തിരുന്നതായും അവർ പറഞ്ഞു.
ഇവർ ദുരനുഭവം വെളിപ്പെടുത്തുന്ന വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ സാമൂഹിക പ്രവർത്തകൻ അഹമ്മദ് മേമൻ ഇടപെട്ടു. നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഇരയോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ, സീനിയർ പൊലീസ് ഇൻസ്‌പെക്ടർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പരാതി ഔദ്യോഗികമായി സ്വീകരിച്ചുവെന്നും കൂടുതൽ നിയമനടപടികൾക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും മേമൻ സ്ഥിരീകരിച്ചു.
പൊതുജന പ്രതിഷേധത്തെയും പ്രാദേശിക പ്രവർത്തകരുടെ ഇടപെടലിനെയും തുടർന്ന് വിരാർ ഡി-മാർട്ടിന്റെ മാനേജ്‌മെന്റ് സംഭവത്തിൽ ഇരയോട് ക്ഷമാപണം നടത്തി. സാമുദായിക ഐക്യത്തിന് ആഹ്വാനം ചെയ്ത അഹമ്മദ് മേമൻ, ഇത്തരം വിവേചനത്തിനെതിരെ സമൂഹം ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കടയിലെ ജീവനക്കാർ അടക്കമുള്ളവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

