മുസ്ലിം സംവരണത്തിനെതിരെ ബി.ജെ.പി എം.പി; രാജ്യസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: മുസ്ലിം പ്രീണനത്തിനായി ഒ.ബി.സി സംവരണം ദുരുപയോഗം ചെയ്യുന്നുവെന്ന ബി.ജെ.പി എം.പി കെ. ലക്ഷ്മണിന്റെ പരാമർശത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം.
കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന സർക്കാറുകൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുസ്ലിംകൾക്ക് ഒ.ബി.സി സംവരണം നൽകുകയാണെന്ന പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു. തിങ്കളാഴ്ച ശൂന്യവേളയിലാണ്, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന പരാമർശവുമായി കെ. ലക്ഷ്മൺ രംഗത്തുവന്നത്.
കർണാടകയിൽ മുസ്ലിം സമുദായത്തെ മുഴുവനായി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി നാല് ശതമാനം സംവരണം നൽകുന്നു, പശ്ചിമ ബംഗാളിൽ 90 ശതമാനം മുസ്ലിംകളും ഒ.ബി.സി പട്ടികയിലാണ്, കേരളത്തിൽ മുസ്ലിംകളെ ഒ.ബി.സി പട്ടികയിൽ ഒരു ജാതിയായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മതാധിഷ്ഠിത സംവരണത്തെക്കുറിച്ച് സർക്കാർ സമഗ്രമായ പുനഃപരിശോധന നടത്തണമെന്നും ലക്ഷ്മൺ ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിയുടെ പരാമർശങ്ങൾ മണ്ഡൽ കമീഷൻ ശിപാർശകൾക്കും ഭരണഘടനക്കും വിരുദ്ധമാണെന്ന് പ്രതിഷേധവുമായി എഴുന്നേറ്റ കോൺഗ്രസ് എം.പി പ്രമോദ് തിവാരി പറഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയാണ് ഭരണഘടന സംവരണത്തിനായി പരിഗണിക്കുന്നതെന്നും ഒരു മതവിഭാഗത്തെ മുഴുവനായി ഒഴിവാക്കണമെന്ന് വാദിക്കുന്നത് വർഗീയതയാണെന്നും ടി.എം.സിയുടെ സാഗരിഗ ഘോഷും കുറ്റപ്പെടുത്തി. പ്രതിപക്ഷം മുസ്ലിംകളെ വോട്ട് ബാങ്കായി മാത്രമാണ് കാണുന്നതെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

