വിവാദ വഖഫ് ബില്ലിനെ പ്രശംസിച്ച് ആർ.എസ്.എസ് അനുകൂല സംഘടന മുസ്ലിം രാഷ്ട്രീയ മഞ്ച്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വിവാദ വഖഫ് ഭേദഗതി ബില്ലിനെ പ്രശംസിച്ച് ആർ.എസ്.എസ് അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രശംസയുമായി മുസ്ലിം രാഷ്ട്രീയ മഞ്ച് രംഗത്തെത്തിയത്. ബിൽ അടിസ്ഥാന സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കുമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശീയ കൺവീനർ ഷാഹിദ് സഈദ് വ്യക്തമാക്കി.
വഖഫ് ബിൽ അടിസ്ഥാന സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായി മാറും. ബിൽ അധഃസ്ഥിതരും ദുർബലരുമായ വിഭാഗങ്ങളെ ശാക്തീകരിക്കുന്നു. വഖഫ് സ്വത്തുക്കൾ ഇനി മതപരമായ പ്രവർത്തനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തില്ല, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകൾക്കായി ഉപയോഗിക്കുമെന്നും ഷാഹിദ് സഈദ് ചൂണ്ടിക്കാട്ടി.
ജനുവരി 27നാണ് വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലമെന്റില്‍വച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെ.പി.സി അംഗീകാരം നല്‍കിയത്. അതേസമയം, ബില്ലില്‍ ജെ.പി.സിയിലെ പ്രതിപക്ഷ എം.പിമാര്‍ നിർദേശിച്ച 44 വ്യവസ്ഥകളിലെ ഭേദഗതികള്‍ സമിതി തള്ളുകയും ചെയ്തു.
വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വരുന്ന ബജറ്റ് സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയെടുക്കാനുള്ള നീക്കം. 31നാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം. അഞ്ചിന് ഡൽഹി തെരഞ്ഞെടുപ്പാണ്. അതിനു മുമ്പ് വഖഫ് നിയമഭേദഗതി പാസാക്കിയെടുത്ത് വർഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന ആക്ഷേപവുമുണ്ട്.
ജെ.പി.സി യോഗത്തില്‍ ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം 10 പ്രതിപക്ഷ എം.പിമാരെ ചെയര്‍മാന്‍ ജഗദംബികാ പാല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിർദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്‍ലിംകളായ രണ്ടു പേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടംനേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

