Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

‘പ്രതികാരബുദ്ധിയോടെയുള്ള നടപടി...’; മുഹമ്മദലി ജൗഹർ സർവകലാശാല കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സംഘടനകൾ

text_fields
bookmark_border
Mohammad Ali Jauhar University
cancel
camera_alt

മുഹമ്മദലി ജൗഹർ സർവകലാശാല

റാംപൂർ: ഉത്തർപ്രദേശിലെ മുഹമ്മദലി ജൗഹർ സർവകലാശാല കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായ മുസ്‌ലിം സംഘടനകൾ. സർവകലാശാല കാമ്പസിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണം പൊളിച്ചുനീക്കാനുള്ള റാംപൂർ വികസന അതോറിറ്റി (ആർ.ഡി.എ) നടപടിയെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ശക്തമായി അപലപിച്ചു.

പക്ഷപാതപരവും പ്രതികാരബുദ്ധിയോടെയുള്ളതും നീതിരഹിതവുമായ നടപടിയാണെന്ന് ബോർഡ് കുറ്റപ്പെടുത്തി. പൊളിക്കൽ നടപടി ഉടൻ നിർത്തിവെക്കാനും ഉത്തരവ് പിൻവലിക്കാനും ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതിക്കെതിരെയുള്ള നടപടി കൂടിയാണെന്ന് എ.ഐ.എം.പി.എൽ.ബി വക്താവ് എസ്.ക്യു.ആർ. ഇല്യാസ് പത്രക്കുറിപ്പിൽ പറഞ്ഞു. മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടപ്പോൾ, പൊതുജനങ്ങളുടെ ത്യാഗത്തിന്‍റെയും നിരന്തരമായ പരിശ്രമത്തിന്‍റെയും ഫലമായി സ്ഥാപിതമായ ഇത്തരം കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ല.

അസം ഖാനെതിരായ രാഷ്ട്രീയ പകപോക്കലാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നത്. അതേസമയം തന്നെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതിയെ തകർക്കാനുള്ള നീക്കമാണെന്നും ഇല്യാസ് അവകാശപ്പെട്ടു. യൂനിവേഴ്സിറ്റിയുടെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും ആവശ്യമായ അനുമതിയില്ലാതെയാണ് നിർമിച്ചതെന്ന റാംപൂർ വികസന അതോറിറ്റിയുടെ വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. ഈ കെട്ടിടങ്ങൾ നിർമിച്ച സമയത്ത് പ്രസ്തുത പ്രദേശം റാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരിധിയിൽ ആയിരുന്നില്ല. അതുകൊണ്ടുതന്നെ, കെട്ടിട പ്ലാനുകൾക്ക് ആർ.ഡി.എയുടെ അനുമതി വാങ്ങേണ്ട നിയമപരമായ ബാധ്യത അന്ന് ഉണ്ടായിരുന്നില്ല.

സർക്കാറും റാംപൂർ വികസന അതോറിറ്റിയും തങ്ങളുടെ തീരുമാനം ഉടൻ പുനഃപരിശോധിക്കണമെന്നും, പൊളിക്കാനുള്ള നോട്ടീസ് പിൻവലിക്കണമെന്നും നിയമപരമോ സാങ്കേതികമോ ആയ പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നിയമപരമായ നടപടിക്രമങ്ങളിലൂടെയും പരിഹരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

കാമ്പസ് കെട്ടിടങ്ങൾ പൊളിക്കാനുള്ള ഉത്തരവ് വിദ്യാഭ്യാസത്തിനും നിയമവാഴ്ചക്കും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള ഗുരുതരമായ കടന്നാക്രമണമാണെന്ന് സ്റ്റുഡന്‍റ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ഉത്തർപ്രദേശ് വെസ്റ്റ് സോൺ ആവശ്യപ്പെട്ടു. മുഹമ്മദലി ജൗഹർ സർവകലാശാല കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമല്ല, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത, ചരിത്രപരമായി പാർശ്വവത്കക്കപ്പെട്ട സമൂഹങ്ങളുടെ ശാക്തീകരണത്തിനും സാമൂഹിക കൂടിച്ചേരലുകൾക്കും അവസരം നൽകുന്ന സുപ്രധാന കേന്ദ്രമാണിത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കാനുള്ള ഏത് നീക്കവും ഒരു വ്യക്തിക്കെതിരായ നടപടിയല്ല, മറിച്ച് ഈ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും ഭാവിക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും സംഘടന കുറ്റപ്പെടുത്തി.

പൊളിക്കൽ ഉത്തരവ് ഉടനടി പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാറിനോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു. കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നും മതിയായ അനുമതികൾ വാങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാന്റെ മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് സർവകലാശാല. 15 ദിവസത്തിനകം അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്നാണ് ആർ.ഡി.എയുടെ നിർദേശം. അല്ലാത്തപക്ഷം അതോറിറ്റി നേരിട്ട് പൊളിച്ചുനീക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിർമാണ സമയത്ത് ഈ പ്രദേശം ആർ.ഡി.എയുടെ പരിധിയിൽ ആയിരുന്നില്ലെന്ന സർവകലാശാലയുടെ വാദം അധികൃതർ തള്ളി. അതേസമയം, നടപടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ ക്രമീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സഹായം നൽകാൻ കൗൺസലിങ് ക്യാമ്പുകൾ തുടങ്ങാൻ ജില്ലാ ഇൻസ്‌പെക്ടർ ഓഫ് സ്‌കൂൾസിന് മജിസ്‌ട്രേറ്റ് നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:azam khanMohammad Ali Jauhar University
News Summary - Muslim organizations oppose move to demolish Muhammad Ali Jauhar University buildings
Next Story