‘അവർ എന്‍റെ പാന്‍റ് അഴിച്ച് നോക്കി, നെഞ്ചിൽ ചവിട്ടിക്കയറി, വിരലുകൾ ചതച്ചു...’ -ആൾകൂട്ടം തല്ലിക്കൊന്ന യുവാവിന്‍റെ ഞെട്ടിക്കുന്ന മരണ മൊഴി...
text_fieldsപട്ന: ബിഹാറിലെ നവാഡയിൽ മുസ്‌ലിം യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു. 40കാരനായ മുഹമ്മദ് അത്തർ ഹുസൈൻ ആണ് അതിക്രൂര ആക്രമണത്തിനിരയായി ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്.
20 വർഷമായി റോഹിലും പരിസര പ്രദേശങ്ങളിലും വീടുകളിൽ ചെന്ന് വസ്ത്രങ്ങൾ വിൽക്കുന്ന ജോലിയായിരുന്നു യുവാവിന്. സംഭവ നടന്ന ഡിസംബർ അഞ്ചിന് കച്ചവടം കഴിഞ്ഞ് ദുമ്രി ഗ്രാമത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ് അത്തർ. റോഹ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭട്ടാപ്പർ ഗ്രാമത്തിന് സമീപത്തുവെച്ച് മദ്യപിച്ചെത്തി ഒരു സംഘം യുവാക്കൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അക്രമികൾ ആദ്യം പേര് ചോദിച്ചു. പേര് കേട്ടതും സൈക്കിളിൽനിന്ന് ബലമായി വലിച്ചിറക്കി കീശയിലുണ്ടായിരുന്ന 8,000 രൂപ കൈക്കലാക്കി.
മരിക്കുന്നതിന് മുമ്പ് ആശുപത്രിയിൽ വെച്ച് പൊലീസിന് നൽകിയ മൊഴിയിൽ താൻ നേരിട്ട അതിക്രൂര ആക്രമണത്തെക്കുറിച്ച് മുഹമ്മദ് അത്തർ വിവരിച്ചിട്ടുണ്ട്. ‘ഒരു സംഘം ബലമായി തടഞ്ഞുനിർത്തി എന്‍റെ പോക്കറ്റുകൾ പരിശോധിച്ചു. പിന്നീട് ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഞാൻ മുസ്‌ലിമാണെന്ന് ഉറപ്പാക്കാൻ പാന്റ് അഴിക്കാൻ പറഞ്ഞു. ഇരുമ്പ് വടികൊണ്ട് അവർ എന്നെ മർദിച്ചു. കാലുകളും വിരലുകളും ചെവികളും പ്ലയർ കൊണ്ട് മുറിച്ചു. ഇഷ്ടികകൾ കൊണ്ട് അടിച്ചു. പെട്രോൾ ഒഴിച്ച് തൊലി കത്തിച്ചു. വിരലുകൾ ഒടിച്ച് ചതക്കുകയും നെഞ്ചിൽ കയറി നിന്ന് ചവിട്ടുകയും ചെയ്തു. എന്റെ വായിൽ നിന്ന് രക്തം വന്നു....’
Nawada, Bihar | A Grim Reminder of the Reality Faced by Indian Muslims #IndianMuslimUnderAttack
— Team Rising Falcon (@TheRFTeam) December 13, 2025
Mohammad Athar Hussain (40), a resident of Nalanda, succumbed to his injuries late Friday night, six days after being brutally lynched in Nawada on 5 December allegedly for his… pic.twitter.com/GAjY5BjDXM
ബിഹർഷരീഫിലെ ലാഹേരി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗഗന്ദിവാൻ സ്വദേശിയാണ് മുഹമ്മദ് അത്തർ. നവാഡ ജില്ലയിലെ ബറൂയി ഗ്രാമത്തിൽ ഭാര്യാപിതാക്കളോടൊപ്പമായിരുന്നു ഇപ്പോൾ താമസം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം. ‘കുടുംബത്തിന്‍റെ ഏക ആശ്രയം ഞാനാണ്, അവർക്ക് മാറ്റാരുമില്ല’ എന്ന് മുഹമ്മദ് അത്തർ മരിക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഒടുവിൽ ആറ് ദിവസം പരിക്കുകളോട് മല്ലിട്ട് വെള്ളിയാഴ്ച രാത്രി മുഹമ്മദ് അത്തർ ഹുസൈൻ ജീവൻ വെടിഞ്ഞു.
മുഹമ്മദ് അത്തറിന്‍റെ ഭാര്യ ഷബ്നം പർവീൺ നൽകിയ പരാതിയിൽ 10 പ്രതികളെയും തിരിച്ചറിയാത്ത 15 പേരെയും ഉൾപ്പെടുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സോനു കുമാർ, രഞ്ജൻ കുമാർ, സച്ചിൻ കുമാർ, ശ്രീ കുമാർ എന്നീ നാല് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ആക്രമണം നടന്നയുടനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ഗൗരവമായി നടക്കുന്നുണ്ടെന്നുമാണ് റോഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രഞ്ജൻ കുമാർ പറയുന്നത്.
ബിഹാറിലെ നവാഡയിൽ 2025ൽ മാത്രം നിരവധി ആൾക്കൂട്ട ആക്രമണങ്ങൾ അരങ്ങേറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

